സീസണില്‍ ജയത്തുടക്കം ലക്ഷ്യമിട്ട് ചെന്നൈയിന്‍ എഫ്സിയും ബംഗളുരു എഫ്‌സിയും. കഴിഞ്ഞ ഫൈനലില്‍ ബംഗളുരുവിനെ 3-2ന് തോൽപ്പിച്ചാണ് ചെന്നൈയിന്‍ കിരീടം നേടിയത്. 

ബംഗളൂരു: ഐഎസ്എല്ലിൽ ജയത്തുടക്കം പ്രതീക്ഷിച്ച് നിലവിലെ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ് സിയും റണ്ണേഴ്സ് അപ്പ് ബംഗളുരു എഫ് സിയും ഇന്നിറങ്ങും. ബംഗളുരുവില്‍ രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ ഫൈനലില്‍ ബംഗളുരുവിനെ 3-2ന് തോൽപ്പിച്ചാണ് ചെന്നൈയിന്‍ കിരീടം നേടിയത്. സുനില്‍ ഛേത്രി , മികു, ഗോളി ഗുര്‍പ്രീത് സന്ധു എന്നിവരാണ് ബിഎഫ്സി നിരയിലെ പ്രമുഖര്‍.

ജേജേ അടക്കം പോയ സീസണിലെ മിക്ക ഇന്ത്യന്‍ താരങ്ങളെയും നിലനിര്‍ത്തിയ ചെന്നൈയിന്‍ കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ സീസണില്‍ ബംഗളുരുവില്‍ നടന്ന രണ്ട് മത്സരങ്ങളിലും ചെന്നൈയിന്‍ ആണ് ജയിച്ചത്. കൊല്‍ക്കത്തയില്‍ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളിന് എടികെയെ തോല്‍പിച്ചിരുന്നു.