ഗോളടിക്കാനുള്ള സുവര്‍ണാവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് തുലച്ചത് തിരിച്ചടിയായി. അതേസമയം ആദ്യ പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് ഡൈനമോസ്. മലയാളി താരങ്ങളായ... 

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി ഡൈനമോസ് ആദ്യ പകുതി ഗോള്‍രഹിതം. ഡൈനമോസ് നിരവധി തവണ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് അപകടം സൃഷ്ടിച്ചപ്പോള്‍ സുവര്‍ണാവസരങ്ങള്‍ പാഴാക്കുകയായിരുന്നു മഞ്ഞപ്പട. ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച സഹല്‍ അബ്ദുള്‍ സമദും സി.കെ വിനീതും മോശമല്ലാത്ത പ്രകടനം കാഴ്‌ച്ചവെച്ചു.

ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് അപകടം സൃഷ്ടിക്കുന്ന ഡൈനമോസായിരുന്നു ആദ്യ മിനുറ്റുകളില്‍ കൊച്ചിയിലെ കാഴ്‌ച്ച. തിരിച്ചടിയില്‍ 22-ാം മിനുറ്റില്‍ സ്റ്റൊയാനോവിച്ചിന്‍റെ ശ്രമം ഡൈനമോസ് ഗോളിയുടെ കൈകളില്‍ അവസാനിച്ചു. 27-ാം മിനുറ്റില്‍ കോര്‍ണില്‍ നിന്ന് ഡല്‍ഹി ഉയര്‍ത്തിവിട്ട പന്ത് ഗോളി നവീന്‍ കുമാര്‍ കൈവിട്ടത് ആശങ്ക സൃഷ്ടിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് തലനാരിഴയ്‌ക്ക് രക്ഷപെട്ടു. പിന്നാലെ സി.കെ വിനീത് 32-ാം മിനുറ്റില്‍ തൊടുത്ത വെടിയുണ്ട ഗോള്‍ബാറിനെ ഉരുമി കടന്നുപോയി. 

35-ാം മിനുറ്റില്‍ വിനീത് തുടക്കമിട്ട അതിവേഗ മുന്നേറ്റം സ്റ്റൊയാനോവിച്ചിന്‍റെ അവസാന നിമിഷത്തിലെ പിഴവില്‍ പാളി. പിന്നാലെ ലഭിച്ച കോര്‍ണര്‍ ഡല്‍ഹി വീണ്ടും തുലച്ചു. 40-ാം മിനുറ്റില്‍ റോമിയോയുടെ സുന്ദരന്‍ ക്രോസ് മിഹേലിക്ക് പുറത്തേക്കടിച്ചത് ബ്ലാസ്റ്റേഴ്‌സിന് ജീവന്‍ നല്‍കി എന്ന് പറയാം. 42-ാം മിനുറ്റില്‍ ലഭിച്ച ആദ്യ കോര്‍ണറും മഞ്ഞപ്പയ്ക്ക് വലയിലെത്തിക്കാനായില്ല. സൈഡ് വോളിക്കുള്ള വിനീതിന്‍റെ സാഹസിക ശ്രമം ബാറിനെ ഉരുമി കടന്നുപോയി. 45-ാം മിനുറ്റില്‍ മറ്റൊരു ഫ്രീ ഹെഡര്‍ ഡല്‍ഹി പാഴാക്കിയതോടെ ആദ്യ പകുതിക്ക് വിസില്‍.