തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അവസാന മിനുറ്റുകളില്‍ മണ്ടത്തരം ആവര്‍ത്തിച്ച് ബ്ലാസ്റ്റേഴ്‌സ്. ബോക്‌സില്‍ അനാവശ്യമായി പന്ത് കാല്‍ക്കല്‍ വെച്ച് സമനില ഗോള്‍ ഇരന്നുവാങ്ങുകയായിരുന്നു മഞ്ഞപ്പട. എന്നാല്‍ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ മൂന്നാം മത്സരത്തിലും തോല്‍വിയില്ലാതെ ബ്ലാസ്റ്റേഴ്‌സ് പടയോട്ടം...

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണിലെ രണ്ടാം ഹോം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് സമനില മാത്രം. ഡല്‍ഹി ഡൈനമോസിനെതിരെ ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ സമനില. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സി.കെ വിനീതിന്‍റെ അത്യുഗ്രന്‍ ഗോളില്‍ മുന്നിലെത്തിയെങ്കിലും 84-ാം മിനുറ്റില്‍ അനാവശ്യ ഗോള്‍ വഴങ്ങി ബ്ലാസ്റ്റേഴ്‌സ് സമനില ക്ഷണിച്ചുവരുത്തുകയായിരുന്നു. അവസാന നിമിഷം സി.കെയെ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി നിഷേധിച്ചതും ജയമുറപ്പിച്ചിരുന്ന കളിയില്‍ ബ്ലാസ്റ്റേഴ്‌സിന് വില്ലനായി. 

ആദ്യ പകുതി

കൊച്ചിയിലെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. ഡൈനമോസ് നിരവധി തവണ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് അപകടം സൃഷ്ടിച്ചപ്പോള്‍ സുവര്‍ണാവസരങ്ങള്‍ പാഴാക്കുകയായിരുന്നു മഞ്ഞപ്പട. ഡൈനമോസായിരുന്നു ആദ്യ മിനുറ്റുകളില്‍ കൊച്ചി കയ്യടക്കിയത്. തിരിച്ചടിയില്‍ 22-ാം മിനുറ്റില്‍ സ്റ്റൊയാനോവിച്ചിന്‍റെ ശ്രമം ഡൈനമോസ് ഗോളി തടുത്തു. 27-ാം മിനുറ്റില്‍ കോര്‍ണില്‍ നിന്ന് ഡല്‍ഹി ഉയര്‍ത്തിവിട്ട നവീന്‍ കുമാര്‍ കൈവിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് തലനാരിഴയ്‌ക്ക് രക്ഷപെട്ടു. സി.കെ 32-ാം മിനുറ്റില്‍ തൊടുത്ത വെടിയുണ്ട ഗോള്‍ബാറിനെ ഉരസി കടന്നുപോയി. 

35-ാം മിനുറ്റില്‍ വിനീത് തുടക്കമിട്ട അതിവേഗ മുന്നേറ്റം സ്റ്റൊയാനോവിച്ചിന്‍റെ അവസാന നിമിഷത്തിലെ പിഴവില്‍ പാളി. പിന്നാലെ ലഭിച്ച കോര്‍ണര്‍ ഡല്‍ഹി വീണ്ടും തുലച്ചു. 40-ാം മിനുറ്റില്‍ റോമിയോയുടെ സുന്ദരന്‍ ക്രോസ് മിഹേലിക്ക് പുറത്തേക്കടിച്ചത് ബ്ലാസ്റ്റേഴ്‌സിന് ജീവന്‍ നല്‍കി എന്ന് പറയാം. 42-ാം മിനുറ്റില്‍ ലഭിച്ച ആദ്യ കോര്‍ണറും മഞ്ഞപ്പയ്ക്ക് വലയിലെത്തിക്കാനായില്ല. സൈഡ് വോളിക്കുള്ള വിനീതിന്‍റെ സാഹസിക ശ്രമം ബാറിനെ ഉരുമി കടന്നുപോയി. 45-ാം മിനുറ്റില്‍ മറ്റൊരു ഫ്രീ ഹെഡര്‍ ഡല്‍ഹി പാഴാക്കിയതോടെ സന്ദര്‍ശകര്‍ക്ക് മുന്‍തൂക്കവുമായി ആദ്യ പകുതിക്ക് വിസില്‍.

രണ്ടാം പകുതി

രണ്ടാം പകുതിയില്‍ നര്‍സാരിക്ക് പകരം പോപ്ലാറ്റ്‌നികിനെ ബ്ലാസ്റ്റേഴ്‌സ് ഇറക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോപ്ലാറ്റ്‌നിക് എടുത്ത കോര്‍ണറില്‍ മലയാളി താരം സി.കെ വിനീത്(48) ആദ്യ ഗോള്‍ നേടി. ഡൈനമോസ് ഗോള്‍മുഖത്തുണ്ടായ കൂട്ടപ്പെരിച്ചിലില്‍ അവസരത്തിനൊത്തുയര്‍ന്ന വിനീത് വലകുലുക്കുകയായിരുന്നു. ഐഎസ്എല്ലില്‍ മഞ്ഞക്കുപ്പായത്തില്‍ സി.കെയുടെ പത്താം ഗോളാണിത്. വിനീതിന്‍റെ ഗോളില്‍ ഉയര്‍ത്തെണീറ്റ ബ്ലാസ്റ്റേഴ്‌സ് പിന്നാലെ തുടര്‍ച്ചയായി ആക്രമണങ്ങളഴിച്ചുവിട്ടു. 59-ാം മിനുറ്റില്‍ 35 വാര അകലെ നിന്നുള്ള സമദിന്‍റെ ലക്ഷ്യത്തിലെത്തിയില്ലെങ്കിലും സുന്ദരം. 

എന്നാല്‍ ബോക്സിനകത്തുനിന്ന് പന്ത് തട്ടിയകറ്റുന്നതില്‍ മടി കാണിച്ച മഞ്ഞപ്പട പലകുറി അപകടം ക്ഷണിച്ചുവരുത്തി. 69-ാം മിനുറ്റില്‍ സമദിന് പകരക്കാരനായി കെ. പ്രശാന്തിനെ ജെയിംസ് പരീക്ഷിച്ചു. 79-ാം മിനുറ്റില്‍ ഡംഗലിന് പകരം കെസിറോണും കളത്തിലിറങ്ങി. ബോക്‌സില്‍ അനാവശ്യമായി പന്ത് കാല്‍ക്കല്‍ വെക്കാന്‍ ശ്രമിച്ച ബ്ലാസ്റ്റേഴ്‌സ് 84-ാം മിനുറ്റില്‍ കനത്ത വില നല്‍കേണ്ടിവന്നു. ജയിച്ചെന്നുറച്ച കളിയില്‍ ഗോള്‍ വഴങ്ങി മഞ്ഞപ്പട മത്സരം കളഞ്ഞുകുളിച്ചു. കോട്ടാലിന്‍റെ പാസില്‍ നിന്ന് കാലുഡെറോവിച്ച്(84) ഡല്‍ഹിയെ സമനിലയിലെത്തിച്ചു. പിന്നാലെ വിനീതിന് അര്‍ഹമായ പെനാല്‍റ്റിയും നിഷേധിക്കപ്പെട്ടു.