സീസണിലെ ആദ്യ ഐഎസ്എല്‍ മത്സരത്തില്‍ എടികെയെ തകര്‍ത്ത ശേഷം വൈക്കിംഗ് ക്ലാപ്പോടെ ജയമാഘോഷിച്ച് മഞ്ഞപ്പട. നായകന്‍ സന്ദേശ് ജിങ്കാന്‍റെ നേതൃത്വത്തിലുള്ള ആഘോഷം കാണാം...
കൊല്‍ക്കത്ത: ഐഎസ്എല്‍ അഞ്ചാം സീസണില്‍ എടികെയെ രണ്ട് ഗോളിന് തകര്‍ത്ത് രാജകീയമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ തുടക്കം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഫൈനല്‍ വിസില്‍ വീഴുമ്പോള്‍ ഗാലറിയില്‍ മഞ്ഞപ്പട ആഘോഷം തുടങ്ങിയിരുന്നു. കളി പൂര്‍ത്തിയായതോടെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും മഞ്ഞക്കടലാരവത്തില്‍ ചേര്‍ന്നു. പതുവുപോലെ വൈക്കിംഗ് ക്ലാപ്പുകളോടെയാണ് ബ്ലാസ്റ്റേഴ്‌സും ആരാധകരും എടികെയെ തകര്‍ത്തതില്‍ സന്തോഷം പ്രകടിപ്പിച്ചത്.
ലോക ഫുട്ബോളില്‍ പ്രസിദ്ധമായ 'വൈക്കിംഗ് ക്ലാപ്പ്' ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സാണ് തരംഗമാക്കിയത്. കഴിഞ്ഞ സീസണുകളിലും കളി കഴിഞ്ഞ് നായകന്‍ സന്ദേശ് ജിങ്കാന്‍റെ നേതൃത്വത്തില്‍ ആരാധകര്‍ക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് വൈക്കിംഗ് ക്ലാപ്പ് ആഘോഷം കാഴ്ച്ചവെച്ചിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍. എടികെയെ എതിരില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തപ്പോള്‍ പോപ്ലാറ്റ്നിക്കും സ്റ്റൊയാനോവിച്ചുമാണ് വലകുലുക്കിയത്. മുന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കോപ്പലാശാന്‍റെ ഇപ്പോഴത്തെ ടീമാണ് എടികെ.
