മുംബൈ: ഐ എസ് എല്ലിൽ കേരളം ഇന്ന് മുംബൈയെ നേരിടും. ഉജ്വല ഫോമിലുള്ള സ്ട്രൈക്കർ സികെ വിനീതിലാണ് കേരളത്തിന്റെ പ്രതീക്ഷ. വിജയം മാത്രമേ മുന്നിലുള്ളൂവെന്ന് സികെ വിനീത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാത്രി എഴരയ്ക്ക് മുംബൈയിലാണ് മത്സരം. പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്‌സിയും മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുമ്പോൾ മത്സരം കടുക്കുമെന്നുറപ്പ്.

ഹോം ഗ്രൗണ്ടിൽ തുടർച്ചയായി രണ്ടു ജയവുമായാണ് കേരളം എത്തുന്നത്. ഗോവ ചെന്നൈ ടീമുകൾക്കെതിരെ മികച്ചകളി പുറത്തെടുത്ത സ്ട്രൈക്കർ സികെ വിനീത് മുംബൈയിലും തിളങ്ങിയാൽ കേരളത്തിന് കാര്യങ്ങൾ എളുപ്പമാകും. മുംബൈയുടെ മുന്നേറ്റനിര ശക്തമാണെന്നും ജയിക്കാൻ നന്നായി വിയപ്പൊഴുക്കേണ്ടിവരുമെന്നും വിനീത് സമ്മതിക്കുന്നു.

സ്വന്തം തട്ടകത്തിൽ ഇറങ്ങുമ്പോഴും തുടർച്ചയായി രണ്ടുകളി തോറ്റതിന്റെ അങ്കലാപ്പിലാണ് മുംബൈ. പക്ഷെ ഫോർലാനും സോണി നോർദെയും സുനിൽ ഛേത്രിയും അടങ്ങുന്ന മുന്നേറ്റനിര താളം കണ്ടെത്തിയാൽ മുംബൈയെ പിടിച്ചുകെട്ടുക കേരളത്തിന് എളുപ്പമാകില്ല. ഇരുവരും ഏറ്റുമുട്ടിയ കൊച്ചിയിലെ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു ജയം.