Asianet News MalayalamAsianet News Malayalam

നോര്‍ത്ത് ഈസ്റ്റ് കരുത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്

isl draft 2017
Author
Mumbai, First Published Jul 23, 2017, 4:46 PM IST

മുംബൈ:  നോര്‍ത്ത് ഈസ്റ്റ് കരുത്തില്‍ ഐഎസ്എല്‍ കീഴടക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്. സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ അരാത്ത ഇസൂമി, വടക്കുകിഴക്കന്‍ താരങ്ങളായ ജാക്കിചന്ദ് സിങ്, മിലാന്‍ സിങ് എന്നിവര്‍ താരലേലത്തിലൂടെ ബ്ലാസ്റ്റേഴ്‌സിലെത്തി. മലയാളികളായ പ്രതിരോധ താരം റിനോ ആന്‍റോ, മിഡ് ഫീല്‍ഡര്‍ അജിത് ശിവന്‍ എന്നിവരെയും ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. താരലേലം പൂര്‍ത്തിയായതോടെ ഐഎസ്എല്ലിന്‍റെ അടുത്ത സീസണില്‍ പന്തുതട്ടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടിക പൂര്‍ത്തിയായി. ബ്ലാസ്റ്റേഴ്സിനായി താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ചുമതല വഹിച്ച മുന്‍ ഷില്ലോങ് ലജോങ് പരിശീലകന്‍ താങ്ബോയിയുടെ പരിചയമാണ് കൂടുതല്‍ വടക്കുകിഴക്കന്‍ താരങ്ങളെ ടീമിലെത്തിച്ചത്.

മുംബൈ സിറ്റിയുടെ വിങറായിരുന്ന ജാക്കിചന്ദ് സിങിനെ സ്വന്തമാക്കാന്‍ 55 ലക്ഷം രൂപയാണ് ബ്ലാസ്‌റ്റേഴ്‌സ് ചിലവഴിച്ചത്. ഐഎസ്എല്ലിലെ വേഗമേറിയ താരങ്ങളിലൊരാളായ അരാത്ത ഇസൂമിയെ 40 ലക്ഷം രൂപയ്ക്ക് ടീം സ്വന്തമാക്കി. ഐഎസ്എല്ലില്‍ കൊല്‍ക്കത്തയുടെയും പുനെയുടെയും മിന്നും താരമായിരുന്നു ജപ്പാന്‍ വംശജനായ അരാത്ത ഇസൂമി. ഡൈനമോസിന്‍റെ മധ്യനിര താരമായിരുന്ന മിലാന്‍ സിങ് 45 ലക്ഷം രുപയ്ക്കാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇവര്‍ക്കൊപ്പം മലയാളി താരം സികെ വിനീത് കൂടി ചേരുമ്പോള്‍ മൈതാനത്ത് ബ്ലാസ്റ്റേഴ്‌സിനറെ വേഗം കൂടും. ഐലീഗ് ക്ലബ്ബായ ഐസോളിന്റെ 20കാരനായ പ്രതിരോധ താരം ലാല്‍ തക്കീമ റിനോ ആന്‍റോയ്ക്കൊപ്പം ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിരോധക്കോട്ട കെട്ടും.

കഴിഞ്ഞ തവണ ബ്ലാസ്‌റ്റേഴ്‌സിന്‍റെ താരമായിരുന്നു റിനോയെ 63 ലക്ഷം രൂപയ്ക്കാണ് ടീം നിലനിര്‍ത്തിയത്. മുവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ത്ഥിയായ മിഡ് ഫീല്‍ഡര്‍ അജിത് ശിവന് ലേലത്തില്‍ ആറ് ലക്ഷം രൂപ ലഭിച്ചു. 37 ലക്ഷം ലഭിച്ച സുഭാശിഷ് റോയ് ചൗദരിയാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗോള്‍വല കാക്കുക. ഇവരുള്‍പ്പെടെ ആകെ 13 താരങ്ങള്‍ ഡ്രാഫ്റ്റിലൂടെ ബ്ലാസ്റ്റേഴ്സ് നിരയിലെത്തി. എന്നാല്‍ പ്രതിരോധതാരമായ അനസ് എടത്തൊടികയെ ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തമാക്കാനായില്ല. അനസിനെ ഉയര്‍ന്ന തുകയായ 1.10 കോടി രൂപയ്ക്ക് പുതുമുഖ ക്ലബ്ബായ ജംഷഡ്പുര്‍ എഫ്‌സി സ്സ്വന്തമാക്കി.

അനസിനൊപ്പം അതേ മൂല്യമുണ്ടായിരുന്ന യുവതാരം യൂജിങ്സന്‍ ലിങ്ദോയെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സ്വന്തമാക്കി. മലയാളി താരങ്ങളായ മുഹമ്മദ് റാഫിയെ 30 ലക്ഷത്തിന് ചെന്നൈ എഫ് സിയും സക്കീര്‍ മുംണ്ടംപാറയെ 18 ലക്ഷത്തിന് മുംബൈ സിറ്റി എഫ്‌സിയും സ്വന്തമാക്കി. റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്പോര്‍ട്സ് സംഘടിപ്പിച്ച കാമ്പസ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനത്തോടെയാണ് യുവതാരം അജിത്ത് ശിവന്‍ ഐ.എസ്.എല്‍ ഡ്രാഫ്റ്റിലെത്തിയത്.

മുന്നേറ്റ താരങ്ങളായ സികെ വിനീത്, കെ പ്രശാന്ത് എന്നിവരെയും പ്രതിരോധ താരം സന്തോഷ് ജിങ്കാനെയും ബ്ലാസ്‌റ്റേഴ്‌സ്  മാനേജ്മെന്‍റ് നിലനിര്‍ത്തിയിരുന്നു. എന്നാല്‍ മധ്യനിര താരം മെഹ്താബ് ഹുസൈനെ ബ്ലാസ്‌റ്റേഴ്‌സ് താരലേലത്തില്‍ കൈവിട്ടു. 13 മലയാളികള്‍ ഉള്‍പ്പെടെ 205 ഇന്ത്യന്‍ താരങ്ങളാണ് ഡ്രാഫ്റ്റിലുണ്ടായിരുന്നത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ സര്‍ അലക്സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റും യൂത്ത് ടീം പരിശീലകനുമായിരുന്ന രെനി മ്യൂലന്‍സ്റ്റീനാണ് ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios