ചരിത്രവും കണക്കുകളും മറക്കാം. ഇന്നാണ് പെരുംപോരാട്ടം, തിരിച്ചുവരവിന് അവസരമില്ലാത്ത കലാശപ്പോരാട്ടം. സ്റ്റീവ് കോപ്പലിന്റെ നിശബ്ദ തന്ത്രങ്ങളുമായി  കന്നിക്കിരീടത്തിന് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോളടിപ്പിക്കാതിരിക്കുന്നതിന് ശ്രദ്ധനല്‍കുന്ന ഹൊസെ മൊളീനയുടെ കുശാഗ്രബുദ്ധിയുമായി കിരീടം വീണ്ടെടുക്കാന്‍ അത്‍‍ലറ്റിക്കോ ഡി കൊല്‍ക്കത്ത. ആരോണ്‍ ഹ്യൂസും സന്ദേശ് ജിംഗാനും സെഡ്രിക് ഹെര്‍ബര്‍ട്ടും നയിക്കുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെയും ഭാവനാസമ്പന്നനായ ബോര്‍ജ ഫെര്‍ണാണ്ടസും സ്റ്റീവന്‍ പിയേഴ്‌സനും നയിക്കുന്ന കൊല്‍ക്കത്തന്‍ മധ്യനിരയുടെയും മാറ്റുരയ്‌ക്കലാവും കൊച്ചിയിലെ കളിത്തട്ടില്‍. 

കളിക്കാരെ വിന്യസിക്കുന്നതില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ വരുത്തുന്ന പതിവ് തുടരുമെങ്കിലും ഗോളിലേക്ക് സി.കെ വിനീതിന്‍റെയും  കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന്റെയും ബൂട്ടുകളെയാണ് കോപ്പല്‍ ഉറ്റുനോക്കുന്നത്. സസ്‌പെന്‍ഷനിലായ ഹൊസു പ്രീറ്റോയ്‌ക്ക് പകരം ദിദിയര്‍ കാദിയോ ഇടതുകോട്ട കാക്കാനെത്തും. ഇയാന്‍ ഹ്യൂമിനെയും പോസ്റ്റിഗയെയും സമീഗ് ദൗത്തിയെയും പേടിക്കണം. ഒരാഴ്ചത്തെ വിശ്രമത്തിന്റെ ഉണ‍ര്‍വിലൂടെയാണ് എത്തുന്നതെങ്കിലും ഗാലറികളിലെ മഞ്ഞക്കടലാരവം കൊല്‍ക്കത്തയ്‌ക്ക് കീറാമുട്ടിയാവും. ഹോം ഗ്രൗണ്ടിലെ തോല്‍വിക്കും ആദ്യ ഫൈനലിലെ ഞെട്ടലിനും ബ്ലാസ്റ്റേഴ്‌സ് മറുപടി നല്‍കിയാല്‍ കൊച്ചിയില്‍ പുതുചരിത്രം പിറക്കും.