പൂന: ഐ എസ് എല്ലിൽ ചെന്നൈ-പൂനെ മത്സരം ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ജെജെ ലാൽപെഖുലയിലൂടെ ചെന്നൈ ആണ് ആദ്യം ഗോൾ നേടിയത്. കളിതീരാൻ എട്ട് മിനിറ്റുള്ളപ്പോഴായിരുന്നു പൂനെയുടെ സമനില ഗോൾ. അനിബാൽ റോഡ്രിഗസായിരുന്നു പൂനെയുടെ രക്ഷകൻ.

പകരക്കാരനായി കളത്തിലിറങ്ങിയാണ് റോഡ്രിഗ്രസ് കളിയുടെ അവസാന നിമിഷം പകരംവയ്ക്കാനാവാത്തൊരു ഗോൾ പൂനയ്ക്കു സമ്മാനിച്ചത്. 88 –ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്നായിരുന്നു റോഡ്രിഗ്രസിന്റെ സമനില ഗോൾ.

ആദ്യ പകുതിയിലായിരുന്നു ചെന്നൈയിൻ ലീഡെടുത്തത്. 28–ാം മിനിറ്റിൽ ജെറിയുടെ പാസിൽനിന്ന് ജെജെ പന്ത് ഇടങ്കാൽ കൊണ്ട് പോസ്റ്റിലേക്ക് ഉയർത്തിയടിക്കുകയായിരുന്നു. സ്‌ഥാനം തെറ്റിനിന്ന പൂന ഗോളി കണ്ണുചിമ്മും മുമ്പ് പന്ത് പോസ്റ്റിന്റെ ഇടതു മൂലയിലെത്തി. സമനിലയോടെ എട്ട് പോയിന്‍റുള്ള ചെന്നൈ ലീഗിൽ മൂന്നാം സ്ഥാനത്തും അഞ്ച് പോയിന്‍റുള്ള പൂനെ ആറാം സ്ഥാനത്തുമാണ്.