കൊച്ചി: ആരാധകര്‍ക്ക് പുതുവത്സര സമ്മാനം നല്‍കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് നിരാശ. മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ബെംഗളുരു എഫ്‌സി വിജയിച്ചു. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മൂന്ന് ഗോളുകളാണ് പിറന്നത്. മിക്കുവിന്‍റെ ഇരട്ട ഗോളും സുനില്‍ ചേത്രിയുടെ ഗോളുമാണ് ബെംഗളുരുവിന് കരുത്തായത്. മറുവശത്ത് ഇഞ്ചുറി ടെമില്‍ കറേജ് പെക്കൂസണാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.
പോള്‍ റബുക്കയ്ക്ക് പകരം ഗോള്‍വലയ്ക്ക് കീഴിലെത്തിയ സുഭാശിഷ് റോയിയുടെ മിന്നും സേവുകളാണ് ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരിക്കാന്‍ കാരണം. സുഭാശിഷ് റോയി പരിക്കേറ്റ് കളംവിട്ടതോടെ പകരക്കാരനായെത്തിയ റബൂക്കയാണ് ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളുകള്‍ വഴങ്ങിയത്. മുന്നേറ്റനിരയില്‍ മലയാളി താരം സി.കെ വിനീതിന്‍റെ അസാന്നിധ്യം പ്രകടമായിരുന്നു. ബെംഗളുരു തുടരെതുടരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ തക്ക മറുപടി നല്‍കാന്‍ ബ്ലാസ്റ്റേഴ്സ് മധ്യനിര പാടുപെട്ടു.
60-ാം മിനുറ്റില്‍ നായകന്‍ സുനില്‍ ചേത്രി മഞ്ഞപ്പടയ്ക്ക് ആദ്യ പ്രഹരം നല്‍കി. ബോക്സില്‍ സന്ദേശ് ജിങ്കന്‍ പന്ത് കൈകൊണ്ട് തട്ടിയതിന് ലഭിച്ച പെനാള്‍ട്ടി ചേത്രി മനോഹരമായി വലയിലാക്കുകയായിരുന്നു. ചേത്രിയുടെ ഗോളോടെ തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ശ്രമിച്ചെങ്കിലും ഗോള്‍ പിറന്നില്ല. 90 മിനുറ്റ് പിന്നിടുമ്പോള്‍ ബെംഗളുരുവിന് ഒരു ഗോളിന്‍റെ മുന്‍തൂക്കം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ആവേശം നിറഞ്ഞ അധികസമയത്ത് മിക്കു രണ്ട് ഗോള്‍ നേടി മഞ്ഞപ്പടയെ ഞെട്ടിച്ചു.
93, 94 മിനുറ്റുകളിലായിരുന്നു മിക്കുവിന്‍റെ ഇരട്ട പ്രഹരം. എന്നാല്‍ 96-ാം മിനുറ്റില്‍ പെക്കൂസണ്‍ ലക്ഷ്യം കണ്ടെങ്കിലും മത്സരത്തില്‍ തിരിച്ചെത്താനുള്ള സമയം പിന്നിട്ടിരുന്നു. തോല്‍വിയോടെ ലീഗില്‍ ബ്ലാസ്റ്റേഴ്സിന്‍റെ നില കൂടുതല്‍ പരുങ്ങലിലായി. ലീഗില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിപ്പോള്‍
