ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയഗാഥ തുടര്‍ന്ന് ശക്തരായ ബെംഗളൂരു എഫ്‌സി. സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ബെംഗളൂരു പ്ലേ ഓഫ് സാധ്യത ഉറപ്പിച്ചു. ഇതോടെ 14 കളികള്‍ 30 പോയിന്റുള്ള ബെംഗളൂരു പട്ടികയില്‍ ബഹുദൂരം മുന്നിലെത്തി. തോറ്റെങ്കിലും 23 പോയിന്റുമായി ചെന്നൈയിന്‍ എഫ്‌സിയാണ് രണ്ടാം സ്ഥാനത്ത്.

മൈതാനത്ത് സൂപ്പര്‍ പോരാട്ടത്തിന്‍റെ ചൂടുപകര്‍ന്ന് കളി തുടങ്ങി രണ്ടാം മിനുറ്റില്‍ ചെന്നൈയെ ഞെട്ടിച്ച് ബെംഗളുരുവിന്‍റെ ആദ്യ ഗോള്‍. ചെന്നൈയിന്‍ പ്രതിരോധത്തിലെ വിടവ് മുതലെടുത്ത ബോയിതാംഗ് ഹോകിപ്പ് അനായാസം പന്ത് വലയിലാക്കി. സമനില പിടിക്കാനുള്ള ആവേശപ്പോരിനൊടുവില്‍ മുപ്പത്തിമൂന്നാം മിനിറ്റില്‍ ചെന്നൈയിന്‍ വലകുലുക്കി. ജെറി ലല്‍റിന്‍സുവാലെയുടെ ക്രോസില്‍ മനോഹര ഹെഡറിലൂടെ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസാണ് ഗോള്‍ നേടിയത്. 

ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞപ്പോള്‍ 63-ാം മിനിറ്റില്‍ ബെംഗളൂരുവിന്‍റെ രണ്ടാം ഗോള്‍. ഛേത്രിയുടെ ഷോട്ട് ഗോളി കരണ്‍ജിത്ത് കൈവിട്ടപ്പോള്‍ സുവര്‍ണാവസരം മുതലാക്കിയ മിക്കുവിലൂടെ ബെംഗളൂരുവിന് വീണ്ടും ലീഡ്. രണ്ടാം മഞ്ഞക്കാര്‍ഡുമായി സെറീനോ ഫോന്‍സെകയ്ക്ക് പുറത്തായതോടെ 10 പേരായി ചുരുങ്ങിയ ചെന്നൈയുടെ തിരിച്ചടി അസ്തമിച്ചു. അതേസമയം ഇഞ്ചുറി ടൈമില്‍ ഗോളടിച്ച് നായകന്‍ സുനില്‍ ഛേത്രി ബെംഗളുരുവിന്‍റെ വിജയം സമ്പൂര്‍ണമാക്കി.