ചെന്നൈ: പുനെ എഫ്‌സിയെ സ്വന്തം തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ചെന്നൈയിന്‍ എഫ്‌സി പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. 24-ാം മിനുറ്റില്‍ ലഭിച്ച പെനാള്‍ട്ടി അവസരം തുലച്ചിട്ടും 83-ാം മിനുറ്റില്‍ ഗ്രിഗറി നെല്‍സണിലൂടെ ചെന്നൈയിന്‍ വിജയ ഗോള്‍ കണ്ടെത്തുകയായിരുന്നു. സസ്പെന്‍ഷനിലായ സൂപ്പര്‍താരം മാഴ്സലീഞ്ഞോയില്ലാതെയിറങ്ങിയ പുനെയ്ക്ക് നിരവധി സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 

24-ാം മിനുറ്റില്‍ ചെന്നൈയിന്‍ താരം ഗ്രിഗറി നെല്‍സണെ വീഴ്ത്തിയതിനായിരുന്നു പെനാള്‍ട്ടി. എന്നാല്‍ വിശാല്‍ കെയ്റ്റ് എടുത്ത പെനാള്‍ട്ടി പുനെ ഗോളി അതിമനോഹരമായി തട്ടിയകറ്റി. അതോടെ വീറും വാശിയും നിറഞ്ഞ മത്സരം ആദ്യ പകുതിയില്‍ ഗോള്‍ രഹിത സമനിലയിലേക്ക് കുതിച്ചു. ഗോള്‍രഹിതസമനിലയായി മത്സരം അവസാനിക്കും എന്ന തോന്നിക്കുന്നതായിരുന്നു രണ്ടാം പകുതിയും.

ഇരു ടീമുകളും ഗോളവസരങ്ങള്‍ തുലച്ചപ്പോള്‍ ചെന്നൈയിന്‍ ഒടുവില്‍ വിജയഗോള്‍ കണ്ടെത്തുകയായിരുന്നു. 83-ാം മിനുറ്റില്‍ റാഫേലിന്‍റെ പാസില്‍ നിന്ന് ഗ്രിഗറി വലകുലുക്കിയതോടെ ചെന്നൈയിന്‍ പോയിന്‍റ് ടേബിളിന്‍റെ തലപ്പത്തേക്ക്. 20ഗോളുമായി ചെന്നൈയിന്‍ ഒന്നാം സ്ഥാനത്തും 18 പോയിന്‍റുമായി ബെംഗളുരു രണ്ടാമതുമാണ്. അതേസമയം 18 പോയിന്‍റുള്ള പുനെ മൂന്നാം സ്ഥാനം നിലനിര്‍ത്തി.