കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തിരിക്കുന്ന ആവേശ പോരാട്ടമാണ് ബെംഗളുരു എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം. ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞപ്പട ഫാന്‍സും ബെംഗളുരുവിന്‍റെ വെസ്റ്റ് ബ്ലേക്കും തമ്മിലുള്ള പോരാട്ടമെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. അതേസമയം സൂപ്പര്‍താരം സി.കെ വിനീതിനും സന്തോഷ് ജിംങ്കാനും മുന്‍ ക്ലബിനെതിരായ പോരാട്ടം കൂടിയാണിത്. ഈ വര്‍ഷത്തെ അവസാന ഐഎസ്എല്‍ മത്സരമാണ് കൊച്ചിയില്‍ അരങ്ങേറുക .

എന്നാല്‍ ആരാധകരുടെ വികാരപ്രകടനം പോലെയല്ല മലയാളി താരം സി.കെ വിനീത് മത്സരത്തെ കാണുന്നത്. ബംഗളൂരു എഫ് സിക്കെതിരായ മത്സരത്തിന് അമിത പ്രധാന്യം നല്‍കുന്നില്ലെന്ന് സി.കെ വിനീത് വ്യക്തമാക്കി. ആരാധകരുടെ ആവേശം അതിരുവിടരുതെന്നും വിനീത് ഏഷ്യാനെറ്റ് ന്യൂസിലൂടെ അഭ്യര്‍ത്ഥിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് കൊച്ചിയിലാണ് സൂപ്പര്‍ സണ്‍ഡേയിലെ ഗ്ലാമര്‍ പോരാട്ടം.