കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി പാതിവഴിയില്‍ സ്ഥാനമേറ്റ ഡേവിഡ് ജെയിംസ് നിരാശനാക്കിയില്ല. ആദ്യ മത്സരത്തില്‍ തന്നെ മികച്ച നീക്കങ്ങളിലൂടെ ടീമിനെയും ആരാധകരെയും കയ്യിലെടുത്തു മുന്‍ ഇംഗ്ലണ്ട് ഗോളി. പുനെക്കെതിരെ ബെള്‍ഗോറിയന്‍ ഇതിഹാസം ദിമിത്താര്‍ ബെര്‍ബറ്റോവിന് പകരം ഉഗാണ്ടന്‍ യുവതാരം കെസിറോണ്‍ കിസിറ്റോയെ ഇറക്കിയാണ് ഡേവിഡ് സര്‍പ്രൈസ് കാട്ടിയത്.

വേഗവും ചടുലമായ നീക്കങ്ങളും കൊണ്ട് ഡ്യൂഡ് മുന്നേറിക്കളിച്ചപ്പോളാണ് കേരളം സമനില കണ്ടെത്തിയത്. 73-ാം മിനുറ്റില്‍ കിസിറ്റോയുടെ പാസ് പെക്കുസണിന്‍റെ കാലിലൂടെ മാര്‍ക് സിഫ്നോസിലെത്തിയപ്പോള്‍ മഞ്ഞപ്പട വല കുലുക്കി. വയസന്‍ പടയെന്ന പേരുദോഷം മാറ്റി തകര്‍ത്തുകളിച്ചപ്പോള്‍ ആരാധകര്‍ കിസിറ്റോയ്ക് ഡ്യൂഡ് എന്ന പേരും നല്‍കിയിരുന്നു.

ഡ്യൂഡിനെ കളത്തിലിറക്കിയതിന്‍റെ രഹസ്യം തുറന്നുപറഞ്ഞിരിക്കുന്നു ഡേവിഡ് ജെയിംസ്. പ്രീ സീസണ്‍ മുതല്‍ ടീമിനൊപ്പമുണ്ടായിരുന്നിട്ടും പുനെക്കെതിരെയാണ് ഡ്യൂഡ് അരങ്ങേറിയത്. ടീം ലിസ്റ്റ് പരിശോധിച്ച പരിശീലകന്‍ കിസിറ്റോയുടെ മുന്‍ കളികളുടെ വീഡിയോ ആവശ്യപ്പെട്ടു. മികവ് തിരിച്ചറിഞ്ഞ ഡേവിഡ് ജെയിംസ് കിസിറ്റോയ്ക്ക് പുനെക്കെതിരെ അവസരം നല്‍കുകയായിരുന്നു.