മുംബൈ: മുംബൈയെ കണ്ടം വഴി ഓടിച്ചപ്പോളെ അത് വിവാദമാകുമെന്നുറപ്പായിരുന്നു. ഐഎസ്എല്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഹ്യൂം പാപ്പന്‍ നേടിയ വിജയഗോള്‍. 24-ാം മിനുറ്റില്‍ പെക്കൂസണെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് പെക്കൂസണ്‍ എടുത്തിടത്താണ് സംഭവങ്ങളുടെ തുടക്കം. മുംബൈ താരങ്ങള്‍ കിക്കിന് തയ്യാറെടുക്കും മുമ്പ് പെക്കൂസണ്‍ അടവുമാറ്റി.
സഹതാരങ്ങളെ വരെ ഞെട്ടിച്ച് കറേജ് പെക്കൂസണ്‍ മുന്നോട്ട് കയറി മുംബൈ താരങ്ങളുടെ കണ്ണുവെട്ടിച്ച് പന്ത് ബോക്സിനടുത്ത് നിലയുറപ്പിച്ചിരുന്ന ഹ്യൂം പാപ്പന് നീട്ടി. പെക്കൂസണ്‍ മനസില്‍ കണ്ടത് മൈതാനത്ത് കണ്ട ഇയാന്‍ ഹ്യൂം പന്ത് കാലില്‍ കൊരുത്ത് കുതിച്ചു. മുംബൈയുടെ മൂന്ന് പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് പന്ത് ഗോളിയെ ടാപ്പ് ചെയ്ത് പന്ത് വലയിലേക്ക് തെന്നിയിറങ്ങി.
മുംബൈ താരങ്ങള്‍ നിലവിളിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചതോടെ ഹ്യൂം വിവാദ നായകനായി. ഇതോടെ ഡല്‍ഡി ഡൈനമോസിന് പിന്നാലെ മുംബൈ സിറ്റിയും ആരോപണങ്ങളുമായി ബ്ലാസ്റ്റേഴ്സിനെതിരെ രംഗത്തെത്തി. ഫുട്ബോള്‍ നിയമപ്രകാരം റഫറിയുടെ തീരുമാനം അന്തിമമായതിനാല്‍ മുംബൈയുടെ ആരോപണങ്ങള്‍ നിലനില്‍ക്കില്ല. ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് ഫുട്ബോളല്ല എന്നായിരുന്നു ഡല്‍ഹി പരിശീലകന്‍ നേരത്തെ ആരോപിച്ചത്.
