മുംബൈ: അന്ധേരിയിലെ മഞ്ഞക്കടലില്‍ മുംബൈ സിറ്റി എഫ്‌സിയെ മുക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. ഹ്യൂം പാപ്പന്‍റെ തകര്‍പ്പന്‍ ഗോളില്‍ മുംബൈയെ കണ്ടം വഴി ഓടിച്ച് ബ്ലാസ്റ്റേഴ്സ് കുതിച്ചത് റെക്കോര്‍ഡ് ബുക്കിലേക്ക്. വിജയത്തിനും മൂന്ന് പോയിന്‍റിനും പിന്നാലെ കേരള ബ്ലാസ്റ്റഴേസിന് സ്വന്തമായത് ഐഎസ്എല്ലില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ്.
മുംബൈ സിറ്റിക്കെതിരെ വിജയിച്ചതോടെ തുടര്‍ച്ചയായി രണ്ട് എവേ മത്സരങ്ങള്‍ വിജയിച്ച ഐ.എസ്.എല്ലിലെ ആദ്യ ടീമായി ബ്ലാസ്‌റ്റേഴ്‌സ്. നേരത്തെ ഡല്‍ഹി ഡൈനമോസിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മഞ്ഞപ്പട വിജയിച്ചിരുന്നു. ഡൈനമോസിനെതിരെ ഹാട്രിക് നേടിയ ഹ്യൂം പാപ്പന്‍ തന്നെയാണ് മുംബൈ സിറ്റിക്കെതിരായും സ്കോര്‍ ചെയ്തത്.
അതേസമയം ഇയാന്‍ ഹ്യൂം നേടിയ ഗോള്‍ വിവാദത്തിന് വഴിവെക്കുകയും ചെയ്തു. കറേജ് പെക്കൂസണ്‍ എടുത്ത ഫ്രീകിക്കില്‍ നിന്നാണ് 24-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിനായി ഹ്യൂം വലകുലുക്കിയത്. അപ്രതീക്ഷിതമായി പെക്കുസണ്‍ ബോക്സിലേക്ക് നീട്ടിയ പന്ത് മൂന്ന് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഹ്യൂം പാപ്പന്‍ ഗോള്‍കീപ്പറെ ടാപ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
