ഐറിഷ് വംശജയായ സോഫി ഷൈന്‍ യുഎഇയിലാണ് പ്രൊഡക്ട് കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മെയിലാണ് സോഫി ഷൈനുമായുള്ള ബന്ധം ധവാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പരസ്യമാക്കിയത്.
ദില്ലി: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ജീവിതത്തില്‍ പുതിയ ഇന്നിംഗ്സ് തുടങ്ങാന്‍ ഇന്ത്യൻ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കാമുകി സോഫി ഷൈനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായ വിവരമാണ് ധവാന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. വിവാഹ തീയതി അറിയിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹനിശ്ചയം കഴിഞ്ഞതായുള്ള ധവാന്‍റെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഐറിഷ് വംശജയായ സോഫി ഷൈന്‍ യുഎഇയിലാണ് പ്രൊഡക്ട് കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മെയിലാണ് സോഫി ഷൈനുമായുള്ള ബന്ധം ധവാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പരസ്യമാക്കിയത്.
11 വര്‍ഷം നണ്ട ദാമ്പത്യം അവസാനിപ്പിച്ച് മുന്‍ ഭാര്യ ആയേഷ മുഖര്‍ജിയില്‍ നിന്ന് 2023ലാണ് 40കാരനായ ധവാന്‍ വിവാഹമോചനം നേടിയത്.മുന്‍ ഭാര്യ ആയേഷ മുഖര്‍ജിയുമായുള്ള ബന്ധത്തില്‍ ധവാന് 12 വയസുള്ള സരോവര്‍ എന്ന് പേരുള്ള മകനുണ്ട്. ധവാനുമായുള്ള വിവാഹത്തിന് മുമ്പ് വിവാഹതിയായിരുന്ന ആയേഷക്ക് ആ ബന്ധത്തില്‍ രണ്ട് മക്കള്‍ കൂടിയുണ്ട്.
മകനെ കാണാനോ ബന്ധപ്പെടാനോ കഴിയുന്നില്ലെന്നും അവന്‍റെ സാമിപ്യം മിസ് ചെയ്യുന്നുവെന്നും ധവാന്‍ നേരത്തെ പറഞ്ഞിരുന്നു. വിവാഹമോചനം കഴിഞ്ഞ ആദ്യ കാലങ്ങളില്‍ മകനുമായി വീഡിയോ കോളില്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതിന് കഴിയുന്നില്ലെന്നും ധവാന്‍ പറഞ്ഞിരുന്നു.2024ലാണ് ധവാന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.


