കൊച്ചി: ഗോള്‍വലകള്‍ ഭേദിച്ച് ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ യൂറോപ്പിലും കേരള ബ്ലാസ്റ്റേഴ്‌സ് തരംഗം. യൂറോപ്പില്‍ സംഘടിത ആരാധകക്കൂട്ടമുള്ള ഏക ഐഎസ്എല്‍ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍താരം ദിമിതര്‍ ബെര്‍ബറ്റോവിലൂടെയാണ് ബള്‍ഗേറിയയിലും യൂറോപ്പിലും ബ്ലാസ്റ്റേഴ്സിന് ആരാധകരുണ്ടായത്. ഐഎസ്എല്ലില്‍ കൂടുതല്‍ ആരാധകരുള്ള ടീം കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
ബള്‍ഗേറിയയിലെ സ്‌പോര്‍ട്ടല്‍ എന്ന ഫുട്ബോള്‍ വെബ്സൈറ്റ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്‌പോര്‍ട്ടലിന്‍റെ വെബ്സൈറ്റിലെ കമന്‍റുകളില്‍ നിന്നാണ് മഞ്ഞപ്പടക്ക് യൂറോപ്പില്‍ വലിയ ആരാധകക്കൂട്ടം ഉണ്ടെന്ന് വ്യക്തമായത്. ബള്‍ഗേറിയയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ബെര്‍ബറ്റോവ് ടീമിലെത്തിയത് യൂറോപ്യന്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു.
