കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഗോവയോട് പകരംവീട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ആവേശം നിറഞ്ഞ മത്സരത്തില്‍ ഗോവ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മഞ്ഞപ്പടയെ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ ഇരുടീമും ഓരോ ഗോളുകള്‍ക്ക് സമനില വഴങ്ങിയപ്പോള്‍ രണ്ടാം പകുതിയിലായിരുന്നു ഗോവയുടെ വിജയഗോള്‍. ഗോവയ്ക്കായി കോറോയും എഡ്യു ബെഡിയയും ലക്ഷ്യം കണ്ടപ്പോള്‍ മലയാളി താരം സികെ വിനീതിലൂടെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്‍റെ മറുപടി ഗോള്‍. 

ഗോവയുടെ ആക്രമണം കണ്ടാണ് കൊച്ചിയിലെ മത്സരത്തിന് അരങ്ങുണര്‍ന്നത്. ഏഴാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് കോറോയിലൂടെ ഗോവ മുന്നിലെത്തി. ഇടതുവിങ്ങിലൂടെയുള്ള മന്ദര്‍സിംഗ് റാവുവിന്‍റെ മുന്നേറ്റമാണ് ഗോവയ്ക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍ 29-ാം മിനുറ്റില്‍ സിയാം ഹങ്കലിന്‍റെ പാസ് സികെ വിനീത് ഗോവയുടെ വലതുമൂലയിലേക്ക് പായിച്ചപ്പോള്‍ കേരളം സമനില കണ്ടെത്തി(1-1). കൊച്ചിയില്‍ തിങ്ങിനിറഞ്ഞ മഞ്ഞപ്പട ആരാധകരെ ആവേശത്തിലാക്കാന്‍ വിനീതിന്‍റെ ഗോളിനായി.

42-ാം മിനുറ്റില്‍ ഇയാന്‍ ഹ്യൂമെടുത്ത ഫ്രീകിക്ക് ഗോവന്‍ പ്രതിരോധനിരയെ മറികടന്നെങ്കിലും ഗോളി കട്ടിമണിയില്‍ അവസാനിച്ചു. ഇതോടെ ആദ്യ പകുതി ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. 51-ാം മിനുറ്റില്‍ സികെ വിനീതിന്‍റെ തകര്‍പ്പന്‍ സിസര്‍കട്ട് ഗോവന്‍ ഗോളി കട്ടിമണി തടഞ്ഞിട്ടു. 64-ാം മിനുറ്റില്‍ വീണ്ടും വലകുലുക്കാനുള്ള സികെ വിനീതിന്‍റെ സാഹസിക ശ്രമം ഫലം കണ്ടില്ലെങ്കിലും മഞ്ഞപ്പട ആരാധകര്‍ക്ക് ആവേശമായി. 

75-ാം മിനുറ്റില്‍ മിലാന്‍ സിംഗിനു പകരം മലയാളി താരം പ്രശാന്ത് കെ കളത്തിലെത്തി. 77-ാം മിനുറ്റില്‍ മനോഹരമായ കോര്‍ണര്‍ എഡ്യൂ ബെഡിയ വലയിലേക്ക് തിരിച്ചുവിട്ടതോടെ ഗോവ വീണ്ടും മുന്നിലെത്തി (2-1). അവസന മിനുറ്റുകളില്‍ ഹ്യൂമിന് പകരം മാര്‍ക് സിഫ്നോസ് എത്തിയെങ്കിലും സമനില മാറിനിന്നു. മുന്നേറ്റനിരയില്‍ സികെ വിനീത്-ഇയാന്‍ ഹ്യൂം സഖ്യം ഒത്തിണക്കം കാട്ടിയത് കൊച്ചിയില്‍ ആരാധകര്‍ക്ക് വിരുന്നായി.