കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ്- ജംഷെഡ്പൂര്‍ എഫ്‌സി മത്സരത്തിന് തുടക്കം. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ സീസണിലെ ആദ്യ വിജയം നേടുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. മഞ്ഞക്കോട്ടയില്‍ ആദ്യ ജയത്തിനായി ഇറങ്ങുമ്പോള്‍ മുന്‍തൂക്കവും സമ്മര്‍ദ്ദവും ബ്ലാസ്റ്റേഴ്സിനാണ്. മധ്യനിരയില്‍ ജാക്കിചന്ദ് സിംഗ് എത്തിയതാണ് കേരളത്തിന്‍റെ ഏക മാറ്റം.

ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റനിരയില്‍ ബെര്‍ബറ്റോവ്, ഇയാം ഹ്യൂം, സി.കെ വിനീത്, കറേജ് പെക്കൂസണ്‍ എന്നിവര്‍ കളിക്കുന്നുണ്ട്. മലയാളിതാരം റിനോ ആന്‍റോയും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ കൊച്ചിയിലെ കളിത്തട്ടും കാണികളെയും അറിയുന്ന മുന്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പലിന്‍റെ ശിക്ഷണമാണ് ജംഷെഡ്പൂരിന്‍റെ കരുത്ത്. മലയാളിതാരം അനസ് എടത്തൊടിക ജംഷെഡ്പൂരിനായി കളിക്കുന്നുണ്ട്.