കൊച്ചി: മഞ്ഞക്കടല്‍ തീര്‍ത്ത് നിറഞ്ഞുകവിഞ്ഞ ഗാലറിക്ക് മുന്നില്‍ ആദ്യ പകുതി ഗോള്‍രഹിതം. ആവേശം അലതല്ലിയ നിര്‍ണായക മത്സരത്തില്‍ ഗോളവസരങ്ങള്‍ പാഴാക്കിയത് ടീമുകള്‍ക്ക് തിരിച്ചടിയായി. 11-ാം മിനുറ്റില്‍ ജാക്കിചന്ദ് സിംഗിന്‍റെ ഗോളെന്നുറച്ച ഷോട്ടോടെയാണ് കൊച്ചിയില്‍ കളിയാരവം ഉയര്‍ന്നത്. പിന്നീട് വിനീതും പെക്കൂസണും ബാഡ്‌വില്‍സണും മാറിമാറി ചെന്നൈയിന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും വലകുലുക്കാനായില്ല.

13-ാം മിറുറ്റില്‍ പെക്കൂസന്‍റെ ലോഗ് റേഞ്ചര്‍ ചെന്നൈയിന്‍ ഗോളി കരന്‍ജിത്ത് തടുത്തിട്ടത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ഗാലറിയെ നിശബ്ധമാക്കി 22-ാം മിനുറ്റില്‍ ബെര്‍ബറ്റോവിന്‍റെ പാസില്‍ നിന്ന് സി.കെ വിനീത് തൊടുത്ത മഴവില്‍ ഷോട്ട് ബാറില്‍ തട്ടിതെറിച്ചു. 41-ാം മിനുറ്റില്‍ ലഭിച്ച മുന്നിലെത്താനുള്ള സുവര്‍ണാവസരം ചെന്നൈയിന്‍ പാഴാക്കി. 45-ാം മിനുറ്റില്‍ ഗോള്‍ലൈനില്‍ ലഭിച്ച അവസരം ജെജ പാഴാക്കിയതോടെ ആദ്യ പകുതി ഗോല്‍രഹിത സമനിലയ്ക്ക് പിരിഞ്ഞു. 

ടീമില്‍ കാര്യമായ മാറ്റത്തിന് മുതിരാതെയാണ് മഞ്ഞപ്പട കളിക്കുന്നത്. ബ്ലാസ്റ്റേഴ്സ് നിരയില്‍ പ്രതിരോധ താരം ലാല്‍റുത്താര തിരിച്ചെത്തിയിട്ടുണ്ട്. ഇന്ന് തോറ്റാൽ ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ കിരീട പ്രതീക്ഷകള്‍ അവസാനിക്കും.