കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനിലയോടെ തുടക്കം. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ മഞ്ഞക്കടലിന് മുന്നില്‍ എടികെ കൊല്‍ക്കത്തയോട് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. ഗോള്‍ വരള്‍ച്ച പ്രകടമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി ആവേശമായെങ്കിലും ഗോള്‍ മാറിനിന്നു. ബെര്‍ബറ്റോവ്, ഹ്യൂം, സികെ വിനീത് ത്രിമൂര്‍ത്തികള്‍ക്ക് ബ്ലാസ്റ്റേഴ്സ് കാണികള്‍ക്കു മുന്നില്‍ ഗോള്‍ വിരുന്നൊരുക്കാനായില്ല.

ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ച ബല്‍ഗേറിയന്‍ ഇതിഹാസം ദിമിതല്‍ ബെര്‍ബറ്റോവ് ആദ്യ പകിതിയില്‍ നിരാശപ്പെടുത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ മലയാളി താരം സി.കെ വിനീതിന്‍റെ ഗോളെന്നുറച്ച ഷോട്ട് ലക്ഷ്യം കണ്ടില്ല. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തിയ ഇയാന്‍ ഹ്യൂം കളംനിറഞ്ഞ് കളിച്ചെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു

കേരളത്തിനു നാലും കൊല്‍ക്കത്തക്ക് ഏഴും കോര്‍ണ്ണര്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കൊച്ചിയില്‍ നടന്ന ഉദ്ഘാടത്തില്‍ ചലച്ചിത്ര താരങ്ങളായ മമ്മുട്ടി, സല്‍മാന്‍ഖാന്‍, കരീന കപൂര്‍, ബ്ലാസ്റ്റേഴ്‌സ് ഉടമ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍, നീതാ അംബാനി തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനായി മലയാളി താരം പ്രശാന്ത് അരങ്ങേറ്റം കുറിച്ചു. ബ്ലാസ്റ്റേ‌ഴ്സ് ഗോള്‍ കീപ്പര്‍ പോള്‍ റെച്ചൂബ്കയുടെ മികച്ച സേവുകള്‍കാണികള്‍ക്ക് വിരുന്നായി.