കൊച്ചി: യുറോപ്പില്‍ വരെയെത്തിയ പേരും പെരുമയും കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടമായ മഞ്ഞപ്പടക്കുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ 12-ാംമത്തെ താരമെന്നാണ് മഞ്ഞപ്പടക്കുള്ള വിശേഷണം. ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളിലെല്ലാം ആര്‍ത്തിരമ്പുന്ന മഞ്ഞപ്പട ടീമിനെ പിന്തുണച്ചെത്തും.

മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ഫുട്ബോള്‍ ലോകത്തിന്‍റെ കയ്യടി നേടിയാണ് മഞ്ഞപ്പട ആരാധകര്‍ സ്റ്റേഡിയം വിട്ടത്. മത്സരത്തിനു ശേഷം സ്റ്റേഡിയത്തിൽ തങ്ങിയ ആരാധകര്‍ ഗ്യാലറിയിലെ പ്ലാസ്റ്റിക്കും ചവറുകളും വൃത്തിയാക്കി. സംഭവമറിഞ്ഞ ഐഎസ്എല്‍ അധികൃതര്‍ മഞ്ഞപ്പട ആരാധകരെ അഭിനന്ദിച്ച് രംഗത്തെത്തി.

ഔദ്യോഗിക പേജിലൂടെ ഐഎസ്എല്‍ സംഘാടകതര്‍ സ്റ്റേഡിയം വൃത്തിയാക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ദൃശ്യം പുറത്തുവിട്ടു. പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കിമാറ്റുന്ന ആരാധകരാണ് ദൃശ്യങ്ങളിലുള്ളത്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയോട് സമനില വഴങ്ങിയിരുന്നു.

Scroll to load tweet…