കൊച്ചി: പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈയിന്‍ എഫ്സിക്കെതിരെ ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാര്‍ത്ത. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന യുവതാരം ലാല്‍റുവാത്താര ഇന്ന് കളിച്ചേക്കും. നോര്‍ത്ത് ഈസ്റ്റിനേക്കാള്‍ കരുത്തരാണ് ചെന്നൈ എന്നത് ലാല്‍റുവാത്താരയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. റാഫേല്‍ അഗസ്റ്റോയും ഇന്ത്യന്‍ താരം ജേജേയും ഉള്‍പ്പെടുന്ന ചെന്നൈയിന്‍ ആക്രമണനിര ശക്തമാണ്.
അതിനാല്‍ പ്രതിരോധത്തില്‍ ലാല്‍റുവാത്താരയുടെ മടങ്ങിവരവ് ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ കരുത്തുപകരും. ഐഎസ്എല്‍ നാലാം സീസണില്‍ കൂടുതല്‍ ടാക്കിളുകള്‍ നടത്തിയ താരങ്ങളില്‍ ഒരാളാണ് ലാല്‍റുവാത്താര. 520 പാസുകളും 40 ക്ലിയറന്‍സുകളും താരത്തിന്‍റെ കാലില്‍ നിന്ന് പിറന്നു. 15 മത്സരങ്ങളില്‍ മൂന്ന് ഷോട്ടുതിര്‍ത്ത താരം 25 ക്രോസുകളും നല്‍കി. നോര്‍ത്ത് ഈസ്റ്റിനെതിരെ ലാല്‍റുവാത്താരയ്ക്ക് പകരം മലയാളി താരം കെ. പ്രശാന്തായിരുന്നു കളിച്ചത്.
