ദില്ലി: ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെ അവരുടെ മടയില്‍ കയറി നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തി. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത്ഈസ്റ്റിന്റെ വിജയം. മാഴ്‌സീഞ്ഞ്യോ, ഡാനിലോ ലോപസ് എന്നിവരായിരുന്നു നോര്‍ത്ത്ഈസ്റ്റിന്റെ ഗോളുകള്‍ നേടിയത്. പതിനേഴാം മിനിട്ടില്‍ മാഴ്‌സീഞ്ഞ്യോയും ഇരുപത്തിരണ്ടാം മിനിട്ടില്‍ ഡാനിലോ ലോപസുമാണ് ഗോളുകള്‍ നേടിയത്. സ്വന്തം തട്ടകമായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കളിയുടെ നിയന്ത്രം ഡല്‍ഹിക്ക് ആയിരുന്നെങ്കിലും ലക്ഷ്യം കാണുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ബോള്‍ പൊസെഷനില്‍ 65 ശതമാനവും ഡല്‍ഹിക്കായിരുന്നു. മറുവശത്ത് കിട്ടിയ രണ്ടു അവസരങ്ങളും ലക്ഷ്യത്തിലെത്തിച്ചാണ് ജയവും വിലപ്പെട്ട മൂന്നു പോയിന്റും നോര്‍ത്ത്ഈസ്റ്റ് സ്വന്തമാക്കിയത്. മലയാളിയും ഗോള്‍കീപ്പറുമായ ടി പി രഹനേഷിന്റെ മികച്ച പ്രകടനവും നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിന് പലപ്പോഴും രക്ഷയായിരുന്നു. ഈ ജയത്തോടെ മൂന്നു കളികളില്‍നിന്ന് നാലു പോയിന്റുമായി നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് നാലാം സ്ഥാനത്താണ്. മൂന്നു പോയിന്റുള്ള ഡല്‍ഹി ഡൈനാമോസ് എട്ടാം സ്ഥാനത്താണ്.