രഞ്ജി ട്രോഫിയിൽ ഛത്തീസ്ഗഡിനെതിരായ മത്സരത്തിൽ സൗരാഷ്ട്രയ്ക്കായി രവീന്ദ്ര ജഡേജ തകർപ്പൻ സെഞ്ചുറി നേടി. 209 പന്തിൽ നിന്ന് 102 റൺസ് നേടിയ ജഡേജയുടെ മികവിൽ സൗരാഷ്ട്ര മികച്ച സ്കോർ കണ്ടെത്തി. വരാനിരിക്കുന്ന ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയ്ക്കുള്ള മികച്ച തയ്യാറെടുപ്പാണ് ഈ പ്രകടനം.
അഹമ്മദാബാദ്: റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. 2026-27 രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ ഛത്തീസ്ഗഡിനെതിരെ സൗരാഷ്ട്രയ്ക്കായി കളത്തിലിറങ്ങിയ ജഡേജ 209 പന്തുകളില്‍ നിന്ന് 102 റണ്‍സ് നേടി. ജഡേജയുടെ ഈ ഇന്നിംഗ്‌സിന്റെ മികവില്‍ സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്‌സില്‍ 392 റണ്‍സെന്ന ശക്തമായ സ്‌കോര്‍ കെട്ടിപ്പടുത്തു. സൗരാഷ്ട്ര 120/3 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ജഡേജ ക്രീസിലെത്തുന്നത്. തുടര്‍ന്ന് 151/4 എന്ന നിലയിലേക്ക് കുടുങ്ങിയ സൗരാഷ്ട്രയെ പ്രേരക് മങ്കാദുമായി ചേര്‍ന്ന് ജഡേജ കരകയറ്റുകയായിരുന്നു.
അഞ്ചാം വിക്കറ്റില്‍ 205 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. പ്രേരക് മങ്കാദ് 150 പന്തില്‍ 15 ഫോറുകളും ഒരു സിക്‌സറുമടക്കം 129 റണ്‍സ് നേടിയപ്പോള്‍, 7 ഫോറുകള്‍ അടങ്ങുന്ന പക്വതയാര്‍ന്ന ഇന്നിംഗ്‌സായിരുന്നു ജഡേജയുടേത്. ഒടുവില്‍ മുന്‍ സൗരാഷ്ട്ര താരവും നിലവില്‍ ഛത്തീസ്ഗഡിനായി കളിക്കുകയും ചെയ്യുന്ന ധര്‍മ്മേന്ദ്രസിംഗ് ജഡേജയുടെ പന്തില്‍ ക്യാച്ച് നല്‍കിയാണ് ജഡേജ പുറത്തായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജഡേജയുടെ 16-ാം സെഞ്ചുറിയാണിത്.
ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ്
അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയ്ക്ക് മുന്നോടിയായാണ് ജഡേജ രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയത്. നവംബര്‍ 19 മുതല്‍ 23 വരെ വെല്ലിംഗ്ടണിലാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രണ്ടാമത്തെ ടെസ്റ്റ് നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ ക്രിസ്റ്റ്ചര്‍ച്ചിലും നടക്കും. കഴിഞ്ഞ ദിവസമാണ് രഞ്ജി ട്രോഫി സീസണിന് തുടക്കമായത്. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ആന്ധ്ര, അസം, ഛത്തീസ്ഗഡ്, ഹൈദരാബാദ്, കര്‍ണാടക, പഞ്ചാബ്, ത്രിപുര എന്നീ ടീമുകള്‍ക്കൊപ്പമാണ് സൗരാഷ്ട്ര ഉള്‍പ്പെട്ടിരിക്കുന്നത്.

