കൊച്ചി: കളിയാസ്വാദകര്‍ കാത്തിരുന്ന മത്സരമായിരുന്നു കൊച്ചിയിലെ ദക്ഷിണേന്ത്യന്‍ ഡര്‍ബി. അവസാന ഹോം മത്സരത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ വിജയം അനിവാര്യമായതിനാല്‍ മഞ്ഞപ്പട ആരാധകര്‍ കൊച്ചിയിലേക്ക് ഒഴുകിയെത്തി. ആരാധകര്‍ക്കൊപ്പം കായിക-സിനിമാ ലോകത്തെ നിരവധി പ്രമുഖരും പ്രിയ ടീമിന്‍റെ കളി കണ്ടു. 

കേരള ബ്ലാസ്റ്റേഴ്‌സ് ടീമുടമ സച്ചിന്‍ ടെന്‍ഡുള്‍ക്കറും സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമും കളികാണാനെത്തിയിരുന്നു. പരിക്കുമൂലം നാട്ടിലേക്ക് മടങ്ങിയ ഹ്യൂമേട്ടന്‍ ടീമിനോടുള്ള സ്നേഹം കൊണ്ട് തിരിച്ചെത്തുകയായിരുന്നു. ഫുട്ബോളിലെ ഇതിഹാസ ഇന്ത്യന്‍ നായകന്‍ വി.പി സത്യനെ അഭ്രപാളിയില്‍ അവതരിപ്പിച്ച നടന്‍ ജയസൂര്യയും സ്റ്റേഡിയത്തിലെത്തി. എന്നാല്‍ ഇവരെയെല്ലാം മറികടന്ന് ഗാലറിയില്‍ താരമായത് മലയാളത്തിലെ യുവ ചലച്ചിത്ര താരങ്ങളാണ്. 

കേരള ബ്ലാസ്റ്റേഴ്സിന് ആവേശം പകരാന്‍ അഡാര്‍ ലൗ എന്ന സിനിമയിലെ നായിക പ്രിയാ പ്രകാശ് വാര്യരും നായകന്‍ റോഷന്‍ അബ്ദുള്‍ റഹൂഫും എത്തിയിരുന്നു. സ്റ്റേഡിയത്തിലെത്തിയ ഇരുവരും മഞ്ഞപ്പട ആരാധകരോട് ഐഎസ്എല്ലിന്‍റ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സംസാരിക്കുകയും ചെയ്തു. അഡാര്‍ ലൗവിലെ ഗാനത്തിലൂടെയാണ് പ്രിയാ പ്രകാശ് വാര്യര്‍ ശ്രദ്ധനേടിയത്.