കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് അത്ര സുഖകരമായ പേരല്ല സ്റ്റീവ് കോപ്പല്‍ എന്നത്. ബ്ലാസ്റ്റേഴ്സ് വിട്ട് പുതിയ ക്ലബായ ജംഷഡ്പൂര്‍ എഫ്സിയിലേക്ക് ചേക്കേറിയ കോപ്പലാശാന്‍ തങ്ങളെ വഞ്ചിച്ചുവെന്നാണ് ആരാധകരുടെ വിശ്വാസം. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു കേരള ബ്ലാസ്റ്റേഴിസിനെതിരായ മത്സരത്തിന് കൊച്ചിയിലെത്തിയ കോപ്പലാശാന്‍റെ പ്രതികരണം.
പഴയ തട്ടകമായ കൊച്ചിയില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് കോപ്പലാശാന്‍ പറഞ്ഞു. കൊച്ചിയില്‍ തനിക്ക് ലഭിച്ച സ്വീകരണം മികച്ചതാണ്. സീസണില്‍ ടീമുകള്‍ താളം കണ്ടെത്തുന്നതെയുള്ളൂ. അതേസമയം മലയാളി താരവും ജംഷഡ്പൂരിന്‍റെ പ്രതിരോധ കോട്ടയുമായ അനസ് എടത്തൊടികയെ കോപ്പലാശാന്‍ പ്രശംസിച്ചു.
മനക്കരുത്തിലും ശരീരഭാഷയിലും അനസ് മികച്ച പ്രതിരോധ താരമാണ്. മറ്റൊരു ഇന്ത്യന്‍ താരമായ മെഹത്താബ് ഹുസൈനും മികച്ച താരമാണെന്ന് കോപ്പലാശാന്‍ അഭിപ്രായപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ റെനെ മ്യൂളസ്റ്റീന്‍ തന്ത്രശാലിയാണെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു. എന്നാല്‍ കോപ്പലാശാന്‍റെ അഭിപ്രായങ്ങളോട് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ പ്രതികരിച്ചിട്ടില്ല.
