ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പുർ എഫ് സിയും തമ്മിലുള്ള പോരാട്ടം ശനിയാഴ്ച കൊച്ചിയിൽ നടക്കുമ്പോൾ മലയാളികള്‍ ഉറ്റുനോക്കുന്ന ഒരു കാര്യമുണ്ട്. രണ്ടു മലയാളി താരങ്ങൾ നേർക്കുനേർ വരുന്ന പോരാട്ടമായി ഈ മൽസരം മാറുന്നുവെന്നതാണ് അത്. ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന്റെ കുന്തമുനയായി സി കെ വിനീത് എന്ന കണ്ണൂരുകാരൻ വരുമ്പോൾ തടയാൻ നിൽക്കുന്ന ജംഷഡ്പുർ നിരയിലെ പ്രമുഖൻ കൊണ്ടോട്ടിക്കാരൻ അനസ് എടത്തൊടികയാണ്. സമകാലീന ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധനിരക്കാരനായ അനസ് എടത്തൊടിക വിനീതിനെയും ബ്ലാസ്റ്റേഴ്‌സിനെയും തടഞ്ഞുനിർത്തുമോയെന്ന് അറിയാനാണ് മലയാളി ആരാധകർ കാത്തിരിക്കുന്നത്.

ആദ്യ മൽസരത്തിൽ കൊൽക്കത്തയ്ക്കെതിരെ ടീം പൊതുവെ നിറംമങ്ങിയെങ്കിലും എണ്ണംപറഞ്ഞ ചില ഷോട്ടുകളിലൂടെ വിനീത് കൈയടി നേടിയിരുന്നു. ഗോളെന്നുറപ്പിച്ച തകർപ്പൻ ഷോട്ടുകളും ഗ്യാലറികളെ ഇളക്കിമറിച്ചിരുന്നു. ആ പ്രകടനം തുടരാനാണ് വിനീതിന്റെ ശ്രമം. വലതു വിങ്ങിലൂടെ കയറി മുന്നേറ്റനിരയ്‌ക്ക് ഗോളവസരം ഒരുക്കുകയും തക്കം കിട്ടിയാൽ ഗോൾ നേടുകയുമാണ് വിനീതിന്റെ ലക്ഷ്യം. എന്നാൽ വിനീതിനെ തടയാൻ മറുവശത്ത് നിൽക്കുന്നവരിൽ പ്രമുഖൻ അനസാണ്. ഇക്കഴിഞ്ഞ സീസണിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധനിരക്കാരനുള്ള അവാർഡ് ലഭിച്ച അനസാണ് ഇത്തവണ ഐഎസ്എല്ലിൽ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻതാരവും. 1.10 കോടി രൂപ മുടക്കിയാണ് അനസിനെ ജംഷഡ്പുർ സ്വന്തമാക്കിയത്. അനസിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച വിനീതിനെ വിട്ടുകളയാൻ മാനേജ്മെന്റ് ഒരുക്കമല്ലായിരുന്നു. അതുകൊണ്ടാണ് സന്ദേശ് ജിംഗനൊപ്പം വിനീതിനെ ടീം നിലനിർത്തിയത്. സ്വന്തം നാട്ടിൽ ആരാധകരുടെ മുന്നിൽ കൂടുതൽ കരുത്തോടെയാണ് വിനീത് പന്ത് തട്ടുന്നത്. പലപ്പോഴും പ്രതിസന്ധിഘട്ടങ്ങളിൽ ടീമിന് മുതൽക്കൂട്ടാകുന്ന പ്രകടനമാണ് വിനീതിന്റേത്. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ജനപ്രിയതാരത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ വിനീത് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ കൊണ്ടുവരുന്നതും കാത്തിരിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധ‍കർ. എന്നാൽ വിനീതിനെ ചെറുക്കാൻ അനസ് ഉള്ളത് ആരാധകരിൽ ചെറുതായെങ്കിലും അങ്കലാപ്പ് സൃഷ്ടിക്കുന്നുണ്ട്. ഏതായാലും ശനിയാഴ്‌ച ജവഹ‍ർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളിത്തട്ടുണരുമ്പോൾ ആരാധകർ കാത്തിരിക്കുന്നത് അനസും വിനീതും തമ്മിലുള്ള പോരാട്ടത്തിനാണ്.