ഐസിസിയെ പരിഹസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഐസിസിയെ പരോക്ഷമായി പരിഹസിച്ച് ജഡേജ ട്വീറ്റ് ചെയ്യുകയാണ് ചെയ്തത്.

ഞാന്‍ നല്ല കുട്ടിയാകാന്‍ തീരുമാനിച്ചപ്പോഴേക്കും ലോകത്തുള്ളവരെല്ലാം ചീത്തയായിപ്പോയി എന്നായിരുന്നു ജഡേജയുടെ ട്വീറ്റ്.

ശ്രീലങ്കയുടെ ദിമുത് കരുണരത്നയ്ക്ക് നേരെ അപകടകരായ രീതിയില്‍ പന്തെറിഞ്ഞതിനെ തുടര്‍ന്നാണ് ഐസിസി ജഡേജയെ സസ്പെന്‍ഡ് ചെയ്തത്. ഐ.സി.സിയുടെ നിയമപ്രകാരം ഒരു ക്രിക്കറ്റ്താരം മറ്റൊരു ക്രിക്കറ്റ്താരത്തെയോ, അംപയറെയോ, മാച്ച് റഫറിയെയോ, അതല്ല മറ്റാരുടെയെങ്കിലും നേരെയോ ക്രിക്കറ്റ് ബോളോ, മറ്റെന്തെങ്കിലുമോ കൊണ്ട് അപകടകരായ രീതിയില്‍ എറിയുന്നത് കുറ്റകരമാണ്.

ഇത് ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.2.8 നിയമാവലി പ്രകാരം കുറ്റകരമാണെന്നും ഐ.സി.സി വിലയിരുത്തി. 39 ഓവറില്‍ 152 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ ജഡേജയായിരുന്നു കളിയിലെ കേമന്‍. സസ്പെന്‍ഷന്‍ കാരണം ശ്രീലങ്കയ്‍ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ജഡേജയ്ക്ക് കളിക്കാനാകില്ല. മാച്ച് ഫീസിന്റെ 50 ശതമാനം പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.