ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനകളാണ് ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും. ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍. എന്നാല്‍ ഏകദിന ടീമിലേക്ക് ഇരുവരുടെയും തിരിച്ചുവരവ് അത്ര എളുപ്പമാവില്ല. ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ച ഇരുവരെയും ഓസീസിനെതിരെയും പരിഗണിച്ചില്ല. വിശ്രമം നല്‍കിയെന്ന് പറയുമ്പോള്‍ അശ്വിന്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കുകയാണ്. മാത്രമല്ല, ഓസീസിനെതിരെ കളിക്കാന്‍ അശ്വിന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരുമായി മുന്നോട്ടുപോകാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ടെസ്റ്റില്‍ ഉഗ്രനായി പന്തെറിയുമ്പോഴും ഏകദിനത്തില്‍ ജഡേജയുടെയും അശ്വിന്റെയും ബൗളിംഗിന് ഒട്ടും മൂര്‍ച്ചയില്ല. ചാംപ്യന്‍സ് ട്രോഫിയിലെ മങ്ങിയ ഫോമില്‍ നിന്ന് കരകയറാതെ വന്നപ്പോഴാണ് ഇരുവരെയും ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത്. ലോകകപ്പിന് മുമ്പ് ചാഹല്‍, കുല്‍ദീപ്, അക്ഷര്‍ എന്നിവര്‍ക്ക് മത്സരപരിചയത്തിനുള്ള അവസരം ഒരുക്കുകയും ചെയ്തു. ക്യാപ്റ്റന്‍ കോലിയും ഈ തീരുമാനത്തിനൊപ്പമാണ്. അശ്വിന്‍ 111 ഏകദിനങ്ങളില്‍ നിന്ന് 150 വിക്കറ്റും ജഡേജ 136 ഏകദിനങ്ങളില്‍ 155 വിക്കറ്റും നേടിയിട്ടുണ്ട്.