ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍താരം രവീന്ദ്ര ജഡേജയ്‌ക്ക് ഒന്നാം സ്ഥാനം നഷ്‌ടമായി. ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസനാണ് ജഡേജയെ പിന്തള്ളി ഒന്നാമതെത്തിയത്. അതേസമയം ബൗളര്‍മാരുടെ പട്ടികയില്‍ ജഡേജ ഒന്നാം സ്ഥാനത്തുണ്ട്. ബൗളര്‍മാരില്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ മൂന്നാം സ്ഥാനത്താണ്. ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്‌സണാണ് രണ്ടാം സ്ഥാനത്ത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഷാകിബ് അല്‍ഹസന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പിന്നാലെ ആര്‍ അശ്വിനാണ് മൂന്നാം സ്ഥാനത്ത്. ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കിംഗില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്‌മിത്ത് ആണ് ഒന്നാമത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഞ്ചാം സ്ഥാനത്താണ്. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തുണ്ട്. ഒമ്പതാമതുള്ള ലോകേഷ് രാഹുലും പത്താമതുള്ള ആജിന്‍ക്യ രഹാനെയുമാണ് ആദ്യ പത്തില്‍ ഇടംനേടിയ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍.