തിരുവനന്തപുരം: രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ശക്തമായ നിലയില്‍. രാജസ്ഥാനെ 243 റണ്‍സിന് പുറത്താക്കിയ കേരളം ഒന്നാം ഇന്നിംഗ്സില്‍ 92 റണ്‍സ് ലീഡ് നേടി. എട്ട് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് രാജസ്ഥാനെ തകര്‍ത്തത്. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ കേരളം രണ്ടാം ഇന്നിംഗ്സില്‍ 3 വിക്കറ്റിന് 217 റണ്‍സെടുത്തിട്ടുണ്ട്.

ഒരു ദിവസത്തെ കളി ശേഷിക്കേ, കേരളത്തിന് ഇപ്പോള്‍ 309 റണ്‍സ് ലീഡായി. സെഞ്ച്വറിയുമായി ജലജ് സക്‌സേനയും അര്‍ധസെഞ്ച്വറിയുമായി സഞ്ജു സാംസണും ക്രീസിലുണ്ട്. ജലജ് 102ഉം സഞ്ജു 72ഉം റണ്‍സെടുത്തിട്ടുണ്ട്. 8 റണ്‍സെടുത്ത വിഷ്ണു വിനോദും 32 റണ്‍സെടുത്ത രോഹന്‍ പ്രേമുമാണ് പുറത്തായത്.

അവസാനദിനം; 350 റണ്‍സിനു മുകളില്‍ ലീഡ് നേടി രാജസ്ഥാനെ ഓള്‍ ഔട്ടാക്കി വിജയം പിടിച്ചെടുക്കാനാവും കേരളത്തിന്റെ ശ്രമം. ആദ്യ മത്സരത്തില്‍ ജയിച്ച കേരളം രണ്ടാം മത്സരത്തില്‍ ഗുജറാത്തിനോട് തോറ്റിരുന്നു. ഗ്രൂപ്പില്‍ നിന്ന് മുന്നേറണമെങ്കില്‍ കേരളത്തിന് ജയം അനിവാര്യമാണ്.