അബുദാബി: ജപ്പാന്‍ ഏഷ്യന്‍ കപ്പ് ഫൈനലില്‍. ഇറാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ജപ്പാന്‍ അഞ്ചാം തവണയും ഫൈനലിന് യോഗ്യത നേടിയത്. യൂസ ഒസാകോ, ജെന്‍കി ഹരാഗുച്ചി എന്നിവരാണ് ജപ്പാന്റെ ഗോളുകള്‍ നേടിയത്. ഇറാന്‍ പ്രതിരോധത്തിലെ പിഴവാണ് ജപ്പാന് വിജയം സമ്മാനിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.

56ാം മിനിറ്റില്‍ ജപ്പാന്റെ മിനാമിനോ ബോക്‌സിന് തൊട്ടുപുറത്ത് വീണപ്പോള്‍ അത് ഡൈവ് ആണെന്ന് പറഞ്ഞ് റഫറിറുടെ നേരെ ഇറാന്‍ ഡിഫന്‍സ് ഓടി. എന്നാല്‍ റഫറി വിസിലൊന്നും വിളിച്ചിട്ടുണ്ടായിരുന്നില്ല. മിനാമിനോ ആ സമയം കൊണ്ടു പന്ത് ഇടതു വിങ്ങില്‍ നിന്ന് പിടിച്ച് എടുത്ത് അളന്ന് മുറിച്ചൊരു ക്രോസ് കൊടുത്തു. ഒസാകോ അത് ഹെഡ് ചെയ്ത് വലയിലുമാക്കി. 

67ാം മിനിറ്റില്‍ ഒസാകോ ജപ്പാന്റെ രണ്ടാം ഗോളും നേടി. ഒരു ഹാന്‍ഡ് ബോളിന് ലഭിച്ച പെനാല്‍റ്റി ഒസാകോ ഗോളാക്കി മാറ്റി. ഇഞ്ചുറി സമയത്ത് ജെന്‍കി ഹരാഗുച്ചി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഖത്തര്‍- യുഎഇ സെമിയിലെ വിജയികളാണ് ജപ്പാന്റെ എതിരാളി.