ഓരോ ഒളിംബിക്‌സും അത് സംഘടിപ്പിക്കുന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നമാണ്. കായിക ലോകത്തെ ഞെട്ടിക്കാനായി എന്തെങ്കിലുമൊക്കെ വ്യത്യസ്തത സംഘാടക രാഷ്ട്രങ്ങള്‍ അവതരിപ്പിക്കാറുണ്ട്. അടുത്ത തവണ ഒളിംബിക്‌സ് ടോക്കിയോവില്‍ എത്തുമ്പോഴുമുണ്ട് അത്തരമൊരു പ്രത്യേകത. ഉപയോഗശൂന്യമായ ലോഹങ്ങള്‍ ഉരുക്കി ഉണ്ടാക്കുന്ന മെഡലുകളാണ് ടോക്യോയില്‍ ജേതാക്കള്‍ക്ക് നല്‍കുക. പഴയ മൊബൈല്‍ ഫോണ്‍, മൈക്രോവേവ് ഓവന്‍, ഉപയോഗശുന്യമായ ലോഹനിര്‍മ്മിത വസ്തുക്കള്‍ തുടങ്ങി സംഘാടകര്‍ ഒന്നും ഒഴിവാക്കുന്നില്ല.

ഒളിംബിക്‌സ് കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകുന്നു എന്നത് മാത്രമല്ല ഉപയോഗശുന്യ ലോഹങ്ങളുടെ പുനരുപയോഗം കൊണ്ട് ജപ്പാന്‍ ലക്ഷ്യം വയ്ക്കുന്നത്. 2600 കോടി ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഒളിംപിക്‌സിന്റെ നടത്തിപ്പ് ചെലവില്‍ കാര്യമായ കുറവ് വരുത്താന്‍ ഇതിലൂടെ സാധിക്കും. ഒളിംബിക്‌സിനും പാരാലിംമ്പിക്‌സിനുമായി 5000 മെഡലുകളാണ് ഇത്തരത്തില്‍ തയാറാകുന്നത്. ജനങ്ങളില്‍ നിന്നാണ് മെഡലുകള്‍ക്കാവശ്യമായ പാഴ്വസ്തുക്കള്‍ സ്വീകരിക്കുന്നത്. അതുകൊണ്ട് ഓരോ പൗരനും നേരിട്ട് ഒളിംബിക്‌സ് സംഘാടനത്തില്‍ പങ്കാളിത്തം ലഭിക്കുന്നതിന് സമാനമാണ് പദ്ധതിയെന്നാണ് സംഘാടകര്‍ പറയുന്നത്. ഏതായാലും ജപ്പാന്‍ മാതൃകയ്ക്ക് തുടര്‍ച്ചയുണ്ടായാല്‍ അത് നല്ലമാറ്റങ്ങള്‍ ലോകത്തുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.