ഇന്ത്യ കണ്ട മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് ജവഗല്‍ ശ്രീനാഥ്. സ്‌പിന്‍ ബൗളിംഗിന് ഏറെ പ്രാധാന്യം നല്‍കിയിരുന്ന കാലത്ത്, ഇന്ത്യയ്‌ക്ക് വേണ്ടി മിന്നുംപ്രകടനം നടത്തിയ ബൗളറാണ് ശ്രീനാഥ്. എന്തിനാണ് ശ്രീനാഥിന്റെ കാര്യം പറയുന്നതെന്നല്ലേ? വിശദമാക്കാം, കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെ അഞ്ചു വിക്കറ്റ് നേട്ടവുമായി കളംനിറഞ്ഞ ജസ്‌പ്രിത് ബംറ, ശ്രീനാഥിന്റെ ഒരു റെക്കോര്‍ഡിനൊപ്പമെത്തി. ശ്രീലങ്കയ്ക്കെതിരെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തിയവരുടെ റെക്കൊര്‍ഡിനൊപ്പമാണ് ബംറ എത്തിയത്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 27 റണ്‍സ് വിട്ടുനല്‍കിയാണ് ബംറ അഞ്ചു വിക്കറ്റെടുത്തത്. 1993ല്‍ ശ്രീനാഥ്, ലങ്കയ്ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത് 24 റണ്‍സ് വിട്ടുനല്‍കിയാണ്. എന്നാല്‍ ഈ പട്ടികയില്‍ മുന്നിലുള്ളത് ശ്രീനാഥോ ബംറയോ അല്ല. 59 റണ്‍സ് വിട്ടുനല്‍കി ആറു വിക്കറ്റെടുത്ത നെഹ്റയും 22 റണ്‍സു നല്‍കി അഞ്ച് വിക്കറ്റെടുത്ത റോബിന്‍ സിങുമാണ്. ശ്രീലങ്കയ്ക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബംറ, മറ്റൊരു നേട്ടം കൂടി കൈവരിച്ചു. 2014നുശേഷം ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും ബംറ സ്വന്തമാക്കി. 2014ല്‍ ബംഗ്ലാദേശിനെതിരെ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയാണ് ഇതിന് മുമ്പ് ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഇന്ത്യന്‍ ബൗളര്‍.