പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ഇന്ത്യാ-പാക് മത്സരങ്ങള്‍ ഉപേക്ഷിക്കണമെന്ന് പറയുന്നത് വിഡ്ഡിത്തമാണെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ്.

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ഇന്ത്യാ-പാക് മത്സരങ്ങള്‍ ഉപേക്ഷിക്കണമെന്ന് പറയുന്നത് വിഡ്ഡിത്തമാണെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ്. പാക്കിസ്ഥാനെ വിലക്കണമെന്ന ബിസിസിഐ ആവശ്യം ഐസിസി അംഗീകരിക്കില്ലെന്നും ജാവേദ് പറഞ്ഞു. ഐസിസി നടത്തുന്ന ടൂര്‍ണമെന്‍റുകളില്‍ യോഗ്യത നേടിയ ടീമുകള്‍ക്കെല്ലാം പങ്കെടുക്കാമെന്നതാണ് നിയമം.പിന്നെ ഐസിസിക്ക് പാക്കിസ്ഥാനെ എങ്ങനെ വിലക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

ക്രിക്കറ്റില്‍ മാത്രല്ല, കായിക മേഖലയില്‍ തന്നെ ഇനി പാക്കിസ്ഥാനുമായി യാതൊരു ബന്ധവും വേണ്ടെന്ന് പറഞ്ഞ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കെതിരെ അതിരൂക്ഷമായാണ് ജാവേദ് പ്രതികിരിച്ചത്. ഗാംഗുലി അടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നു. മുഖ്യമന്ത്രിയാകാനായിരിക്കും അദ്ദേഹത്തിന്‍റെ ശ്രമം. അതിനായി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള പബ്ലിസിറ്റി സ്റ്റണ്ടാണ് ഇപ്പോള്‍ കാണുന്നതെന്നും ജാവേദ് കുറ്റപ്പെടുത്തി.

പുല്‍വാമ ഭീകരാക്രണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിക്കണമെന്നും ലോകകപ്പ് മത്സരം കളിക്കരുതെന്നും ഗാംഗുലി പറഞ്ഞിരുന്നു. ലോകകപ്പില്‍ ഒരു മത്സരം ഇന്ത്യ കളിച്ചില്ലെന്ന കരുതി ഒന്നും സംഭവിക്കില്ല. ഭീകരവാദത്തിനെതിരെ വലിയ സന്ദേശം നല്‍കണം. ഇന്ത്യഇല്ലാത്ത ലോകകപ്പിനെ കുറിച്ച് ഐസിസിക്ക് ചിന്തിക്കാന്‍ സാധിക്കില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു.

പുല്‍വാമയുടെ പശ്ചാത്തലത്തില്‍ ഇന്ത്യപാക് മത്സരം ഉപേക്ഷിക്കണമെന്ന് ഹര്‍ഭജന്‍ സിങ്ങടക്കമുള്ള മുന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ വെറുതെ പോയിന്‍റ് ലഭിക്കാന്‍ ഇത് കാരണമാകുമെന്നായിരുന്നു സച്ചിന്‍റെ പ്രതികരണം.