ദില്ലി: അത്‍ലറ്റിക്‌സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ നീരജ് ചോപ്ര പരിശീലകനെ തേടുന്നു. കോച്ച് ഇല്ലാതെയാണ് നീരജ് ഏഷ്യന്‍ അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.ഏഷ്യന്‍ അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടം നേടിയതിന്റെ ആഹ്ലാദലഹരിയിലാണ് ഇന്ത്യ. എന്നാല്‍ പിന്നാമ്പുറത്തെ കാര്യങ്ങള്‍ അത്രശുഭകരമല്ല. ലോക അത്‍ലറ്റിക് വേദിയില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായ നീരജ് ചോപ്ര ഒരുവര്‍ഷത്തിലേറെയായി മത്സരിക്കുന്നത് പരിശീലകനില്ലാതെ.
കോച്ച് ഇല്ലാതെയാണ് നീരജ് ഭുവനേശ്വറില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 85.23 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ജാവലിന്‍ ത്രോയില്‍ ഏഷ്യന്‍ രാജാവായത്. അത്‍ലറ്റിക്‌സില്‍ ലോക റെക്കോര്‍ഡിന് ഉടമയായ ഏക ഇന്ത്യന്‍ താരമാണ് പത്തൊന്‍പതുകാരനായ നീരജ്. 2016ലെ ലോകജൂനിയര്‍ മീറ്റില്‍ 86.48 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചരിത്രം കുറിച്ചത്.
ഓസ്‍ട്രേലിയന്‍ കോച്ച് ഗാരി കാല്‍വര്‍ട്ടിന് കീഴിലായിരുന്നു നീരജിന്റെ പരിശീലനം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഗാരി മടങ്ങിയതോടെ സ്വന്തം പരിശീലനം. കോച്ചുണ്ടായിരുന്നെങ്കില്‍ പിഴവുകള്‍ തിരുത്തി മുന്നേറാമെന്ന് നീരജും പറയുന്നു. ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേയാണ് ഇന്ത്യയുടെ അഭിമാനതാരം കോച്ചില്ലാതെ പ്രയാസപ്പെടുന്നത്. മലയാളി താരം വി നീനയുടെ അവസ്ഥയും ഇതുതന്നെ. കോച്ചില്ലാതെയാണ് നീന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് മീറ്റിനിടെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
