മുംബൈ: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റു ചെയ്യുന്ന ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 192 റണ്‍സ് എന്ന നിലയിലാണ്. അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ കീറ്റണ്‍ ജെന്നിങ്സിന്റെ ഇന്നിംഗ്സാണ് ഇംഗ്ലണ്ടിന് മികച്ച തുടക്കം സമ്മാനിച്ചത്. ഓപ്പണറായി ക്രീസിലെത്തി, 186 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ജെന്നിങ്സ് 12 ബൗണ്ടറികളും നേടിയിട്ടുണ്ട്. അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന പത്തൊമ്പതാമത്തെ ഇംഗ്ലീഷ് ബാറ്റ്‌സ്‌മാനാണ് ജെന്നിങ്സ്. അലിസ്റ്റര്‍ കുക്ക്(46), ജോ റൂട്ട്(21) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. 25 റണ്‍സോടെ മൊയിന്‍ അലിയാണ് കീറ്റണ്‍ ജെന്നിങ്സിനൊപ്പം ക്രീസിലുള്ളത്. ഇന്ത്യയ്‌ക്കുവേണ്ടി ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

അഞ്ചു മല്‍സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലാണ്. ഈ കളി ജയിക്കുകയോ സമനില ആകുകയോ ചെയ്‌താല്‍ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം.