ഇന്ത്യന്‍ വനിതാ പേസ് ഇതിഹാസം ജൂലന്‍ ഗോസ്വാമി ടി20 ക്രിക്കറ്റിനോട് വിടപറഞ്ഞു. ടി20യില്‍ 56 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ഇന്ത്യക്കായി കൂടുതല്‍ തവണ കളിച്ച മൂന്നാമത്തെ താരമാണ്. ഏകദിനത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റുവേട്ടക്കാരിയായ മുപ്പത്തിയഞ്ചുകാരി ജൂലന്‍ തുടര്‍ന്നും നീലക്കുപ്പായത്തില്‍ കളിക്കും.   

മുംബൈ: ഇതിഹാസ ഇന്ത്യന്‍ പേസര്‍ ജൂലന്‍ ഗോസ്വാമി ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടി20യില്‍ 68 തവണ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ താരം 56 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. 2012ല്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ അഞ്ച് വിക്കറ്റ് പ്രകടനവും ഇതില്‍ ഉള്‍പ്പെടുന്നു. കരിയറില്‍ ലഭിച്ച എല്ലാവിധ സ്‌നേഹത്തിനും സഹകരണത്തിനും ജൂലന്‍ ബിസിസിഐക്കും സഹതാരങ്ങള്‍ക്കും നന്ദി പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരെ 2006 ഓഗസ്റ്റിലായിരുന്നു ജൂലന്‍റെ ടി20 അരങ്ങേറ്റം. ഈ വര്‍ഷാദ്യം ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു അവസാന ടി20. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ തവണ കളിച്ച മൂന്നാമത്തെ താരമാണ്. വിശാഖപട്ടണത്ത് 2012ല്‍ ഓസ്‌ട്രേലിയക്കെതിരെ 11 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് കരിയറിലെ മികച്ച പ്രകടനം. ഇന്ത്യക്കായി 169 ഏകദിനങ്ങളിലും വെറ്ററന്‍ താരം കളിച്ചു. 

ഏകദിന വനിതാ ക്രിക്കറ്റില്‍ 200 വിക്കറ്റ് തികച്ച ആദ്യ താരമെന്ന നേട്ടം ഈ വര്‍ഷാദ്യം സ്വന്തമാക്കിയിരുന്നു. ഏകദിനത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റുവേട്ടക്കാരിയായ മുപ്പത്തിയഞ്ചുകാരി ജൂലന്‍ തുടര്‍ന്നും ഇന്ത്യക്കായി കളിക്കും. ജൂലന്‍ നന്ദിയറിയിച്ച് ബിസിസിഐയും രംഗത്തെത്തി.

Scroll to load tweet…