ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് സ്കോര്‍ 50 കടന്നപ്പോഴേക്കും ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റിനെയും(27) സാക്ര് ക്രോളിയെയും(16) നഷ്ടമായിരുന്നു.
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 384 റണ്‍സിന് പുറത്തായി. ആദ്യ രണ്ട് സെഷനുകളില്‍ തകര്‍ത്തടിച്ച ഇംഗ്ലണ്ട് സെഞ്ചുറി നേടിയ ജോ റൂട്ടിന്‍റെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 160 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഹാരി ബ്രൂക്ക് 84 റണ്‍സെടുത്തപ്പോള്‍ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് 46 റണ്‍സെടുത്തു. ഓസീസിനായി മൈക്കല്‍ നേസര്‍ നാലും സ്കോട് ബോളണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് സ്കോര്‍ 50 കടന്നപ്പോഴേക്കും ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റിനെയും(27) സാക്ര് ക്രോളിയെയും(16) നഷ്ടമായിരുന്നു. ജേക്കബ് ബേഥല്‍(10) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയതോടെ 57-3 എന്ന സ്കോറില്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന റൂട്ടും ബ്രൂക്കും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 169 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റി. 97 പന്തില്‍ 84 റണ്‍സെടുത്ത ബ്രൂക്കിനെ ബോളണ്ട് പുറത്താക്കിയശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് പൂജ്യത്തിന് പുറത്തായെങ്കിലും ജാമി സ്മിത്തിനെ കൂട്ടുപിടിച്ച് തകര്‍ത്തടിച്ച റൂട്ട് ഇംഗ്ലണ്ടിനെ 300 കടത്തി. ഇതിനിടെ ടെസ്റ്റിലെ 41-ാം സെഞ്ചുറിയും ഓസ്ട്രേലിയയിലെ രണ്ടാം സെഞ്ചുറിയും പൂര്‍ത്തിയാക്കിയ റൂട്ട് ടെസ്റ്റിലെ സെഞ്ചുറി വേട്ടയില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി.
സ്മിത്ത്(46) പുറത്തായശേഷം വില്‍ ജാക്സുമൊത്ത് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റൂട്ട് ഇംഗ്ലണ്ടിനെ 375ല്‍ എത്തിച്ചെങ്കിലും ജാക്സ് പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് വാലറ്റം ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങി. ഒമ്പതാമനായാണ് റൂട്ട് മടങ്ങിയത്. 242 പന്തില്‍ 15 ബൗണ്ടറികള്‍ അടങ്ങുന്നതാണ് റൂട്ടിന്‍റെ 160 റണ്‍സ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ റൂട്ട് നേടുന്ന 24-ാം സെഞ്ചുറിയാണിത്. നിലവിലെ താരങ്ങളില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള കളിക്കാരുടെ പട്ടികയില്‍ വിരാട് കോലിക്ക്(84) പിന്നില്‍ രണ്ടാം സ്ഥാനത്താണ്(60) റൂട്ട് ഇപ്പോള്‍.


