പെര്‍ത്ത്: പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ പിടിമുറുക്കി ദക്ഷിണാഫ്രിക്ക. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റിന് 390 റൺസെന്ന ശക്തമായ നിലയിലാണ്. 141 റൺസെടുത്ത ജെ പി ഡുമിനിയും 127 റൺസെടുത്ത ഡീന്‍
എല്‍ഗാറിന്‍റെയും ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്.

ആദ്യ ഇന്നിംഗ്സില്‍ രണ്ട് റൺസിന്റെ ലീ‍ഡ് ഓസീസ് നേടിയിരുന്നു. 104/2 എന്ന നിലയില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ ഡുമിനയും എല്‍ഗാറും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 250 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സുരക്ഷിത സ്കോറിലേക്ക് നയിച്ചു. എല്‍ഗാര്‍ 127 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഡൂമിനി 141 റണ്‍സെടുത്തു.

ഇരുവരും പുറത്തായശേഷം വീണ്ടും തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്കയ്ക്കായി ഡൂപ്ലെസി(32) മാത്രമെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു. 16 റണ്‍സോടെ ക്വിന്റണ്‍ ഡീകോക്കും 23 റണ്‍സുമായി ഫിലാന്‍ഡറുമാണ് ക്രീസില്‍. രണ്ട് ദിനം ശേഷിക്കെ 388 റണ്‍സിന്റെ ലീഡുള്ള ദക്ഷിണാഫ്രിക്ക തോല്‍ക്കില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.