ലണ്ടന്‍: ബോള്‍ട്ട് സമ്മര്‍ദ്ദത്തിലാണെന്ന സൂചന ലണ്ടന് മുന്‍പ് തന്നെ ലഭിച്ചിരുന്നു. എങ്കിലും പരാജിതനായി ബോള്‍ട്ട് മടങ്ങുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായിരുന്നില്ല. റിയോ ഒളിംപിക്സോടെ ഉസൈന്‍ ബോള്‍ട്ട് ട്രാക്ക് വിടുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും ലോക ചാംപ്യന്‍ഷിപ്പിലും ജയിക്കാമെന്ന കോച്ചിന്‍റെ വാക്കുകളാണ് ബോള്‍ട്ടിനെ ലണ്ടനിലെത്തിച്ചത്.
എന്നാൽ തയ്യാറെടുപ്പ് പാളി . അടുത്ത സുഹൃത്തിന്‍റെ മരണം ഇതിഹാസതാരത്തെ ഉലച്ചു. സീസണില്‍ ട്രാക്കിലിറങ്ങിയത് മൂന്ന് തവണ മാത്രം. ഇഷ്ടയിനമായ 200 മീറ്ററില്‍ നിന്ന് മാറി അപ്രതീക്ഷിതമായി 100 മീറ്റര്‍ തിരഞ്ഞെടുത്തപ്പോള്‍ ആരാധകര്‍ക്കും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ജയിക്കാനുള്ള വഴി പതിവ് പോലെ ബോള്‍ട്ട് കണ്ടെത്തുമെന്ന് ലോകം വിശ്വസിച്ചു.
ഹീറ്റ്സിലെ നിറംമങ്ങിയ തുടക്കത്തിന് പതിവില്ലാതെ സ്റ്റാര്‍ട്ടിംഗ് ബ്ലോക്കിനെ പഴിച്ചപ്പോഴേ അസ്വാഭാവികമായി എന്തോ വരാന്‍ പോകുന്നുവെന്ന തോന്നലായി . ഒടുവില്‍ രണ്ടര മണിക്കൂറിനിടെ 2 തവണ ഇതിഹാസതാരം പിന്തള്ളപ്പെട്ടു . അതിമാനുഷരുടെ ഗണത്തിലേക്ക് ലോകം ഉയര്‍ത്തിയ ജമൈക്കന്‍ ഇതിഹാസം പരാജിതനായി മടങ്ങുമ്പോള്‍ ബോള്‍ട്ടും മനുഷ്യനാണെന്ന് പറയാതെ പറയുന്നുണ്ട് ലണ്ടന്‍.
അവസാന ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായി 100 റൺസ് ശരാശരി നഷ്ടമാക്കിയ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാന്‍ നേരിട്ട അതേ ദുരന്തം . റിലേ സ്വര്‍ണത്തോടെ ട്രാക്ക് വിടാന്‍ ഇനിയും ബോള്‍ട്ടിന് അവസരമുണ്ട്. എങ്കിലും അറിയാതെ പറഞ്ഞുപോകുന്നു. ബോള്‍ട്ട് നിങ്ങള്‍ക്ക് റിയോയിലെ വിജയത്തോടെ മതിയാക്കാമായിരുന്നു.
