ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കഗിസോ രബാദ ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ നടത്തിയ മികച്ച പ്രകടനമാണ് രബാദയ്ക്ക് തുണയായത്. ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കരിയറിന്‍റെ തുടക്കം മുതലുള്ള സ്വപ്നമാണിതെന്നും രബാദ പറഞ്ഞു.
രബാദ മുന്നേറിയതോടെ ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ടാം സ്ഥനത്തേക്ക് താഴ്ത്തപ്പെട്ടു. അതേസമയം ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രണ്ടാം സ്ഥാനത്തും ഇന്ത്യന്‍ നായകന്‍ വിരാട് കോലി മൂന്നാം സ്ഥാനത്തുമാണ്.
ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് റാങ്കിംഗിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ബൗളര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ മുന്നാം സ്ഥാനവും ആര്‍ അശ്വിന്‍ നാലാം സ്ഥാനവും നിലനിര്‍ത്തി. ഓള്‍ റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍ തന്നെയാണ് മുന്നില്‍. ജഡേജ രണ്ടും അശ്വിന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.
