റബാഡയെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഐസിസി വിലക്കിയേക്കും

പോര്‍ട്ട് എലിസബത്ത്: കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ കുപ്രസിദ്ധനായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയ്ക്ക് ഐസിസിയുടെ വിലക്കിന് സാധ്യത. രണ്ടാം ടെസ്റ്റിനിടെ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ തോളുകൊണ്ടിടിച്ചതിന് റബാഡയ്ക്കെതിരെ ഐസിസി നടപടിക്കൊരുങ്ങുന്നത്. ഇതോടെ പരമ്പരയില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന് നഷ്ടമായേകും.

രണ്ടാം ടെസ്റ്റില്‍ 25 റണ്‍സെടുത്ത സ്മിത്തിനെ പുറത്താക്കിയ ശേഷമായിരുന്നു റബാഡയുടെ മോശം പെരുമാറ്റം. ഐസിസി പെരുമാറ്റചട്ടത്തിലെ ലെവല്‍ 2 കുറ്റമാണ് റബാഡയ്ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. അച്ചടക്കലംഘനത്തിന് നിലവില്‍ അഞ്ച് നെഗറ്റീവ് പോയിന്‍റുകള്‍ റബാഡയ്ക്ക് മേല്‍ ഐസിസി ചുമത്തിയിരുന്നു. സ്‌മിത്ത് വിഷയത്തില്‍ മൂന്ന് നെഗറ്റീവ് പോയിന്‍റുകള്‍ കൂടി ലഭിച്ചതോടെ ഇത് എട്ടിലെത്തി. ഐസിസിയുടെ നിയമപ്രകാരം രണ്ട് മത്സരങ്ങളില്‍ വിലക്കാണ് റബാഡ നേരിടേണ്ടത്. 

റബാഡയുടെ മറുപടി കേട്ട ശേഷമായിരിക്കും ഐസിസി വിലക്കേര്‍പ്പെടുത്തുക. പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരം ധവാന്‍റെ വിക്കറ്റെടുത്ത ശേഷം പവലിയനിലേക്ക് നോക്കി വിരല്‍ ചൂണ്ടിയതിന് 15 ശതമാനം പിഴയും ഒരു നെഗറ്റീവ് പോയിന്‍റും നേരത്തെ ചുമത്തിയിരുന്നു. 

Scroll to load tweet…