പോര്‍ട്ട് എലിസബത്ത്: ഇന്ത്യന്‍ താരം ശീഖര്‍ ധവാനെ ചീത്തവിളിച്ചും ആംഗ്യത്തിലൂടെയും അധിക്ഷേപിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയ്ക്ക് പിഴ ശിക്ഷ. പോര്‍ട്ട് എലിസബത്തില്‍ നടന്ന അഞ്ചാം ഏകദിനത്തിലാണ് വിക്കറ്റെടുത്ത ശേഷം ധവാനെ റബാഡ അധിക്ഷേപിച്ചത്. റബാഡ അച്ചടക്കലംഘനം നടത്തി എന്ന് വിലയിരുത്തിയ ഐസിസി മാച്ച് ഫീയുടെ 15 ശതമാനം പിഴയും ഒരു നെഗറ്റീവ് പോയിന്‍റും ചുമത്തി. 

അതിവേഗം സ്കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ശീഖര്‍ ധവാനെ പുറത്താക്കിയ ശേഷം കൈവീശി ഡ്രസിംഗ് റൂമിലേക്ക് മടക്കിയയ്ക്കുകയായിരുന്നു റബാഡ. ടാറ്റാ ബൈ ബൈയ്ക്കൊപ്പം അശ്ലീല പദപ്രയോഗവും ദക്ഷിണാഫ്രിക്കന്‍ താരം നടത്തി. പുറത്താകുമ്പോള്‍ 23 പന്തില്‍ എട്ട് ബൗണ്ടറികള്‍ സഹിതം ധവാന്‍ 34 റണ്‍സെടുത്തിരുന്നു. മോശം പെരുമാറ്റത്തിന്‍റെ പേരില്‍ മുമ്പും നടപടി നേരിട്ട താരമാണ് കഗിസോ റബാഡ

ഇതോടെ അച്ചടക്കലംഘനത്തിന് റബഡയ്ക്ക് മേല്‍ ഐസിസി ചുമത്തിയ നെഗറ്റീവ് പോയിന്‍റുകള്‍ അഞ്ചായി. 2017 ഫെബ്രുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിനിടെ റബാഡയ്ക്ക് മൂന്ന് നെഗറ്റീവ് പോയിന്‍റ് ലഭിച്ചിരുന്നു. പിന്നാലെ ജൂലൈ ഏഴിന് നടന്ന ഇംഗ്ലണ്ട് ടെസ്റ്റില്‍ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ഒരു നെഗറ്റീവ് പോയിന്‍റും റബാഡയുടെ പേരിലായി. അച്ചടക്കലംഘത്തിന്‍റെ പേരില്‍ റബാഡയെ കഴിഞ്ഞ വര്‍ഷം ഐസിസി വിലക്കിയിരുന്നു. 

Scroll to load tweet…