റബാഡ ഗുരുതരമായ ലെവല്‍ ഒന്ന് കുറ്റം ചെയ്തതായി ഐസിസി

പോര്‍ട്ട് എലിസബത്ത്: ഓസീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന് ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോള്‍ രണ്ടിംഗ്സുകളിലുമായി 11 വിക്കറ്റ് വീഴ്ത്തിയ റബാഡയായിരുന്നു വിജയശില്‍പി. എന്നാല്‍ മത്സരത്തില്‍ രണ്ട് തവണ അച്ചടക്കലംഘനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കഗിസോ റബാഡയെ ഐസിസി മത്സരങ്ങളില്‍ നിന്ന് വിലക്കാനുള്ള സാധ്യതയേറി.

ആദ്യ ഇന്നിംഗില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ശേഷം തോളുകൊണ്ടിടിച്ചതിന് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കുമെന്ന സൂചന ഐസിസി താരത്തിന് നല്‍കിയിരുന്നു. ഐസിസി പെരുമാറ്റചട്ടത്തിലെ ലെവല്‍ രണ്ട് കുറ്റം റബാഡ ചെയ്തു എന്നായിരുന്നു കണ്ടെത്തല്‍. അതോടെ റബാഡയ്ക്ക് മേല്‍ അച്ചടക്കലംഘനത്തിന് ഐസിസി ചാര്‍ത്തിയ നെഗറ്റീവ് പോയിന്‍റുകള്‍ എട്ടിലെത്തിയിരുന്നു.

എന്നാല്‍ അറിഞ്ഞുകൊണ്ടല്ല സ്മിത്തിനെ ഇടിച്ചതെന്ന് വിശദീകരണം നല്‍കിയ റബാഡ രണ്ടാം ഇന്നിംഗ്സിലും തെറ്റാവര്‍ത്തിച്ചു. മൂന്നാം ദിനം വാര്‍ണറെ പുറത്താക്കിയ ശേഷം പവലിയനിലേക്ക് മടക്കിയ റബാഡയുടെ രീതിയാണ് വിവാദമായത്. ഈ സംഭവത്തില്‍ റബാഡ ഗുരുതരമായ ലെവല്‍ ഒന്ന് കുറ്റം ചെയ്തു എന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. റബാഡയ്ക്കെതിരായ നടപടി ഐസിസി ഉടന്‍ പ്രഖ്യാപിച്ചേക്കും.

ലെവല്‍ ഒന്ന് കുറ്റം ചെയ്താല്‍ 50 ശതമാനം വരെ മാച്ച് ഫീ പിഴയും രണ്ട് നെഗറ്റീവ് പോയിന്‍റുകളുമാണ് ലഭിക്കുക. സ്മിത്തിനെ ഇടിച്ചതിനുള്ള വിലക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ റബാഡയ്ക്കെതിരായി കൂടുതല്‍ അച്ചടക്കനടപടിക്ക് ഐസിസി തയ്യാറായേക്കും.