മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലി, ബാല്യകാല സുഹൃത്തും മാസ്റ്റര്‍ ബ്ലാസ്റ്ററുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കണ്ടു. ഏറെക്കാലത്തിന് ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നത്. കൂടിക്കാഴ്‌ചയെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് കാംബ്ലി മാധ്യമങ്ങളോട് സംസാരിച്ചത്. പരസ‌്പരം ആലിംഗനം ചെയ്തുകൊണ്ടും പഴയ സൗഹൃദം പുതുക്കിയുമായിരുന്നു സച്ചിനുമൊത്തുള്ള നിമിഷങ്ങളെന്ന് കാംബ്ലി പറഞ്ഞു. മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്ത് പറയുന്നുവെന്നത് ഇപ്പോള്‍ അപ്രസക്തമായിരിക്കുന്നു. ഇടക്കാലത്ത് ഇരുവരും തമ്മില്‍ പിണക്കത്തിലായിരുന്നു. അതിനിടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്‌ച. മുംബൈയില്‍ ഒരു ചടങ്ങിനിടെയാണ് കാംബ്ലിയും സച്ചിനും കണ്ടത്.

തന്റെ കരിയറില്‍ ബുദ്ധിമുട്ട് അനുഭവിച്ചപ്പോള്‍ സച്ചിന്‍ സഹായിച്ചില്ലെന്ന് 2009ല്‍ ഒരു അഭിമുഖത്തില്‍ കാംബ്ലി പറഞ്ഞിരുന്നു. ഇതിന് ശേഷം കാംബ്ലിയുമായി സച്ചിന്‍ അകലംപാലിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സച്ചിന്റെ വിരമിക്കല്‍ മല്‍സരം കാണാന്‍ ക്ഷണം ലഭിക്കാത്തതും, സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കാംബ്ലിയെക്കുറിച്ച് പരാമര്‍ശമില്ലാതിരുന്നതും ശ്രദ്ധേയമായിരുന്നു. ഇതില്‍ ഏറെ വിഷമമുണ്ടായെന്നും കാംബ്ലി പറഞ്ഞിരുന്നു.

ഏതായാലും വര്‍ഷങ്ങള്‍ക്ക് ശേഷം കാംബ്ലിയും സച്ചിനും ഒരു ചടങ്ങില്‍ ഒരുമിച്ച് വന്നിരിക്കുന്നു. പഴയ പിണക്കങ്ങളൊക്കെ മറന്ന് ബാല്യകാല സുഹൃത്തുക്കള്‍ ഒരുമിച്ചു. സ്കൂള്‍ കാലത്ത് മുംബൈയിലെ ശാരദാശ്രമം സ്കൂളിനുവേണ്ടി ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റ് കളിച്ച സച്ചിനും കാംബ്ലിയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 664 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്നും ക്രിക്കറ്റ് ചരിത്രത്തില്‍ തിളക്കമുള്ള ഏടാണ്. അന്ന് കാംബ്ലിക്ക് 16ഉം സച്ചിനു 14ഉം വയസ് മാത്രമായിരുന്നു പ്രായം.