മുംബൈ: സ്കൂള്‍കാലം മുതലെ അടുത്ത സുഹൃത്തുക്കളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും. സ്കൂള്‍ ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ചകാലത്ത് ഇരുവരും ചേര്‍ന്ന് 664 റണ്‍സടിച്ച് ലോക റെക്കോര്‍ഡിടുകയും ചെയ്തു. ആദ്യം സച്ചിനും
പിന്നെ കാംബ്ലിയും ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചു. കരിയറില്‍ മികച്ച തുടക്കത്തിനുശേഷം കാംബ്ലി നിറം മങ്ങിപ്പോയപ്പോള്‍ സച്ചിന്‍ ക്രിക്കറ്റ് എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായി.

പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദത്തിനും ഉലച്ചില്‍തട്ടി. കരിയറിലെ വിഷമഘട്ടത്തില്‍ സച്ചിന്‍ സഹായിച്ചില്ലെന്ന കാംബ്ലിയുടെ തുറന്നുപറച്ചിലായിരുന്നു അതിന് കാരണം. അതിനുശേഷം രണ്ടുപേരും പലവേദികളിലും പരസ്പരം കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തു.

കഴിഞ്ഞദിവസം സൗഹൃദദിനത്തിലും കാംബ്ലി സച്ചിന് ആശംസ അറിയിച്ച് ട്വീറ്റ് ചെയ്തു. ക്രിക്കറ്റില്‍ താങ്കള്‍ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ്. ഗ്രൗണ്ടിന് പുറത്ത് താങ്കള്‍ ഷോലെയിലെ ജയ്‌യും ഞാന്‍ വീരുവും ആണ്. ഈ സൗഹൃദം നമ്മളൊരിക്കലും കൈവിടില്ലെന്നായിരുന്ന ഷോലെയിലെ ഡയലോഗിന് ഓര്‍മിപ്പിച്ച് കാംബ്ലിയുടെ ട്വീറ്റ്.

ഇതിന് സച്ചിന്‍ നല്‍കിയ മറുപടിയാകട്ടെ ഇങ്ങനെയും. ഷോലെ ഒരു എപ്പിക് സിനിമയാണ്. താങ്കളുമായുള്ള സൗഹൃദം സമാനതകള്‍ ഇല്ലാത്തതും. എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി, സുഹൃത്തേ.

സച്ചിന്റെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യ വിക്കറ്റെടുത്തപ്പോഴും അനുമോദനവുമായി കാംബ്ലിയുടെ ട്വീറ്റ് എത്തിയിരുന്നു.