ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയുമായി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ വില്യാംസണ്‍ ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 913 റേറ്റിംഗ് പോയന്റുള്ള വില്യാംസണ്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍(920) ഏഴ് റേറ്റിംഗ് പോയന്റുകള്‍ക്ക് മാത്രം പിന്നിലാണിപ്പോള്‍.

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ കോലിക്ക് തിളങ്ങാനാവാതെ പോയതാണ് തിരിച്ചടിയായത്. 900 റേറ്റിംഗ് പോയന്റ് പിന്നിടുന്ന ആദ്യ ന്യൂസിലന‍്‍ഡ് ബാറ്റ്സ്മാനാണ് വില്യാംസണ്‍. അതേസമയം, അഡ്‌ലെയ്ഡ് ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 901 റേറ്റിംഗ് പോയന്റുമായി മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്താണ്.

രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അജിങ്ക്യാ രഹാനെ പതിനേഴാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ റിഷഭ് പന്ത് 59-ാം സ്ഥാനത്തെത്തി. അതേസമയം, അഡ്‌ലെയ്ഡില്‍ മങ്ങിയ കെഎല്‍ രാഹുല്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി 26-ാം സ്ഥാനത്തായപ്പോള്‍ മുരളി വിജയ് മൂന്ന് സ്ഥാനം നഷ്ടമാക്കിയ 45-ാം സ്ഥാനത്തും നാലു സ്ഥാനം താഴേക്കിറങ്ങിയ രോഹിത് ശര്‍മ 53-ാം സ്ഥാനത്തുമാണ്. ടീം റാങ്കിംഗില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാമതും ദക്ഷിണാഫ്രിക്ക മൂന്നാമതുമാണ്. ഓസ്ട്രേലിയ അഞ്ചാമതാണ്.