ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് സെഞ്ച്വറി. കരുണിന്റെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ നാലാംദിനം ലഞ്ചിന് കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 463 എന്ന ശക്തമായ നിലയിലാണ്. ഇനി 15 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാം. നാലിന് 391 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുര്‍ന്ന ഇന്ത്യന്‍ ഇന്നിംഗ്സിലെ പ്രധാന സവിശേഷത കരുണിന്റെ സെഞ്ച്വറിയായിരുന്നു. കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ് ചെന്നൈയില്‍ കരുണ്‍ നേടിയത്. 185 പന്തിലാണ് കരുണ്‍ മൂന്നക്കത്തില്‍ എത്തിയത്. മുരളി വിജയ്‌ക്കൊപ്പം ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും കരുണിന് സാധിച്ചു. 29 റണ്‍സെടുത്ത മുരളിയെ ഡോസണ്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 122 റണ്‍സോടെ കരുണ്‍ നായരും ഒമ്പത് റണ്‍സോടെ ആര്‍ അശ്വിനുമാണ് ക്രീസിലുള്ളത്.

199 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോറിനെതിരെ പൊരുതാന്‍ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നല്‍കിയത്. മൊയിന്‍ അലിയുടെ സെഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 477 റണ്‍സാണ് നേടിയത്.

അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-0ന് ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.